ലണ്ടൻ: കുഞ്ഞിന്റെ മുന്നിൽവച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് കുറ്റക്കാരനെന്ന് വിധിച്ച് കോടതി. ഇംഗ്ളണ്ടിലെ ബ്രാഡ്‌ഫോഡിൽ 2024 ഏപ്രിലിലാണ് സംഭവം നടന്നത്. ബംഗ്ളാദേശ് സ്വദേശിയായ ഹബീബുർ മാസും (26) ഭാര്യ കുൽസുമ അക്‌തറിനെ (27) പട്ടാപ്പകൽ നടുറോഡിൽവച്ച് 25 തവണയിലേറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നരഹത്യയ്ക്കും മൂർച്ചയേറിയ വസ്തു കൈവശം വച്ചതിനും പ്രതി നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. വിചാരണയ്ക്ക് ശേഷമാണ് പ്രതിക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതെന്ന് ബ്രാഡ്‌ഫോഡ് ക്രൗൺ കോടതി വ്യക്തമാക്കി. മർദ്ദനം, ഭീഷണി, നിരന്തരം പിന്തുടരൽ എന്നീ കുറ്റങ്ങളും ഹബീബുറിനെതിരെ ചുമത്തിയിട്ടുണ്ട്.
ഒൽദാമിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. എന്നാൽ 2024 ജനുവരിയിൽ ഹബീബുർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വീടുവിട്ട യുവതിയും കുഞ്ഞും ഒരു അഭയകേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്നു. ഹബീബുർ സ്‌പെയിനിലാണെന്ന് കരുതിയാണ് ഒരു സുഹൃത്തിനെ കാണാൻ കുൽസുമ കുഞ്ഞുമായി പുറത്തിറങ്ങിയത്. എന്നാൽ യുവതിയുടെ ഫോൺ ലോക്കേഷൻ മനസിലാക്കി സ്ഥലത്തെത്തിയ ഹബീബുർ യുവതിയെയും കുഞ്ഞിനെയും ബലമായി കൊണ്ടുപോകാൻ ശ്രമിച്ചു. യുവതി എതിർത്തതോടെ കൈവശം കരുതിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഇയാൾ ശാന്തനായി ചിരിച്ചുകൊണ്ട് ബസിൽ കയറി യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അഭിഭാഷകർ കോടതിയിൽ ഇയാളെ 'ചിരിക്കുന്ന കൊലയാളി' എന്നാണ് വിശേഷിപ്പിച്ചത്. ഏപ്രിൽ ഒൻപതിന് മണ്ടേവില്ലെയിലാണ് പ്രതി അറസ്റ്റിലായത്.
ബംഗ്ളാദേശിൽവച്ചാണ് ദമ്പതികൾ വിവാഹിതരായത്. ഹബീബുറിന് മാസ്റ്റേഴ്‌സ് കോഴ്‌സ് ചെയ്യാൻ സ്റ്റുഡന്റ് വിസ ലഭിച്ചതിനെത്തുടർന്ന് 2022ലാണ് ഇരുവരും യുകെയിലെത്തിയത്. സെപ്‌തംബറിൽ ഒൽദാമിൽ ഒരുമിച്ച് താമസവും ആരംഭിച്ചു. ഹബീബുർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കുൽസുമ 2023ൽ സഹോദരന്റെ വീട്ടിലേയ്ക്ക് പോയി. എന്നാൽ ഹബീബുർ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി തിരികെയെത്തി. 2023 നവംബറിൽ ഒരു സഹപ്രവർത്തകൻ അയച്ച മെസേജിനെച്ചൊല്ലി ഹബീബുർ ഭാര്യയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ യുവാവിന്റെ സഹോദരി പൊലീസിനെ വിവരം അറിയിക്കുകയും ഹബീബുറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് 2024 ജനുവരിയിൽ കുൽസുമ ബ്രാഡ്‌ഫോഡിലെ അഭയകേന്ദ്രത്തിലേയ്ക്ക് മാറിയത്.
ഭാര്യയെ മേക്കപ്പിടാനോ ചായ കുടിക്കാനോ പോലും പ്രതി അനുവദിച്ചിരുന്നില്ലെന്ന് വിചാരണക്കിടെ കോടതിയോട് വ്യക്തമാക്കി. തനിക്ക് ചായ ഇഷ്ടമില്ലാത്തതിനാലാണ് ഇയാൾ ഭാര്യയെയും വിലക്കിയത്. ഭാര്യയുടെ ഫോൺ നിരന്തരം പരിശോധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും കോടതി കണ്ടെത്തി. ബെഡ്‌ഫോർഷൈർ സർവകലാശാലയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ഹബീബുർ യാത്രാ വ്ളോഗുകളും മറ്റ് വിശേഷങ്ങളും യുട്യൂബിലുടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |