ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. രാജ്യ തലസ്ഥാനമായ ഡബ്ലിനിലെ ടാലാഗ്റ്റിൽ വച്ചാണ് 40കാരനായ യുവാവിനെ ഒരു കൂട്ടം അക്രമികൾ ചേർന്ന് നഗ്നനാക്കി മർദ്ദിച്ചത്. ജൂലായ് 19 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ പാർക്ക്ഹിൽ റോഡിലായിരുന്നു സംഭവം.
മൂന്ന് ആഴ്ച മുമ്പാണ് യുവാവ് അയർലണ്ടിൽ എത്തിയത്. ആക്രമണത്തിൽ ഇന്ത്യക്കാരന്റെ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടികളോട് മോശമായി പെരുമാറിയതിനാണ് ആക്രമിച്ചതെന്നാണ് യുവാവിനെ രക്ഷിക്കാനെത്തിയവരോട് അക്രമികൾ പറഞ്ഞതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ മൊഴി നൽകി. 15 വയസുള്ള കുട്ടികളാണ് ഇന്ത്യക്കാരനെ ആക്രമിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഐറിഷ് നാഷണൽ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മേഖലയിൽ വിദേശ പൗരന്മാർക്കെതിരെ അടുത്തിടെ നടന്ന മറ്റ് ആക്രമണങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ വേഗത്തിലുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ഐറിഷ് പൊലീസിനോട് ആവശ്യപ്പെട്ടു. സീൻ ക്രോ, പോൾ മർഫി എന്നിവരുൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും ആക്രമണത്തെ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |