കൊളംബോ: മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച 21കാരി പിടിയിൽ. മുൻ വിമാന ജീവനക്കാരിയായ ബ്രിട്ടീഷുകാരി ഷാർലറ്റ് മേലീയാണ് പിടിയിലായത്. ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ നിന്ന് ഈ മാസമാദ്യമാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പടിഞ്ഞാറൻ ആഫ്രിക്കയിലെ സീറാ ലിയോണിലാണ് മനുഷ്യന്റെ അസ്ഥികൾകൊണ്ടുള്ള സിന്തറ്റിക് ലഹരി നിർമിച്ചതെന്നാണ് വിവരം. കുഷ് എന്നാണ് ഈ ലഹരിമരുന്നിന്റെ പേര്. 45 കിലോയോളം മയക്കുമരുന്ന് സ്യൂട്ട് കേസുകളിൽ നിറച്ചാണ് യുവതി എത്തിച്ചത്. ഏകദേശം 28 കോടി രൂപയാണ് ഇതിന്റെ വിപണിവില. നിലവിൽ യുവതിയെ വടക്കൻ കൊളംബോയിലുള്ള ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കാം. യുവതിയെ കുടുംബവുമായി ബന്ധപ്പെടാനും അനുമതി നൽകിയിട്ടുണ്ട്.
കൊളംബോ വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർകോട്ടിക്‌സ് കൺട്രോൾ യൂണിറ്റ് അറിയിച്ചു. അതേസമയം, താൻ അറിയാതെയാണ് ലഹരിമരുന്ന് സ്യൂട്ട് കേസിൽ എത്തിയതെന്നാണ് ഷാർലറ്റ് പറയുന്നത്. യുവതിയെ കുടുക്കിയതാണെന്ന് അഭിഭാഷകനായ സമ്പത്ത് പെരേരയും വാദിക്കുന്നു. ഷാർലറ്റ് തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്നു. 30 ദിവസത്തെ വിസാ കാലാവധി അവസാനിക്കാറായതിനാൽ രാജ്യം വിടാൻ നിർബന്ധിതയായി. തായ് വിസ പുതുക്കുന്നതിനാണ് ശ്രീലങ്കയിലെത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. ഇത്തരത്തിലെ മയക്കുമരുന്ന് മുൻപ് കണ്ടിട്ടില്ലെന്നും തന്റെ സ്യൂട്ട് കേസിനുളളിൽ ആരാണ് ഇത് വച്ചതെന്ന് അറിയാമെന്നും യുവതി വ്യക്തമാക്കി.
മാരകമായ വിഷവസ്തുക്കൾ ചേർത്താണ് കുഷ് എന്ന ലഹരിമരുന്ന് നിർമിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെ പ്രധാന ഘടകങ്ങളിലൊന്നാണ് മനുഷ്യന്റെ അസ്ഥിയുടെ പൊടി. മണിക്കൂറുകളോളം മയക്കിക്കിടത്തുന്നു എന്നതാണ് ഈ ലഹരിമരുന്നിന്റെ പ്രത്യേകത. കുഷിന്റെ നിർമാണത്തിനായി കല്ലറകൾ തകർത്ത് അസ്ഥികൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാവുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഷിന്റെ ദുരുപയോഗത്തെത്തുടർന്ന് കഴിഞ്ഞവർഷം സീറാ ലിയോൺ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |