പാറശാല: പൊഴിയൂരിൽ വിനോദസഞ്ചാര സംഘത്തിന് നേരെ യുവാവ് മദ്യക്കുപ്പി എറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നെത്തിയ വിനോദ സഞ്ചാരികളായ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് കുടുംബാംഗങ്ങൾ ചേർന്നുള്ള ബോട്ട് സവാരിക്കിടെ കരയിൽ നിന്നിരുന്ന യുവാവ് സംഘത്തിന് നേരെ ബിയർക്കുപ്പി എറിഞ്ഞതിനെ തുടർന്നായിരുന്നു അപകടം. സംഭവത്തെ തുടർന്ന് പ്രതിയും വെട്ടുകാട് സ്വദേശിയുമായ സനോജിനെ ബോട്ട് ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്തി പൊഴിയൂർ പൊലീസിന് കൈമാറി.പശ്ചിമബംഗാൾ സ്വദേശി ആർക്കാ ദാസിന്റ മകൾ അനുബാദാസിനാണ് പരിക്കേറ്റത്. ആറു ദിവസം മുൻപാണ് ഏഴംഗ കുടുംബം വിനോദ യാത്രയ്ക്കായി പൊഴിയൂരിലെത്തിയത്. കുടുംബം ബോട്ട് സവാരി നടത്തുന്നതിനിടെ കടൽക്കരയിൽ നിന്നിരുന്ന യുവാവിന്റെ കൈയിലുണ്ടായിരുന്ന ബിയർക്കുപ്പി ബോട്ടിന് നേരെ വലിച്ചെറിയുകയായിരുന്നു.അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന മൂന്ന് വയസുകാരിയുടെ തലയിൽ വീണ് കുപ്പി പൊട്ടിയതിനെ തുടർന്നാണ് പരിക്കേറ്റത്. കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. പൊഴിയൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |