തൃശൂര്‍: റിട്ടയേഡ് അദ്ധ്യാപികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാല പൊട്ടിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയല്‍വാസിയായ അദ്ധ്യാപിക നിരവധി തവണ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുള്‌ല ആദിത്ത് എന്ന യുവാവാണ് മാല പൊട്ടിച്ചത്. സെപ്തംബര്‍ 25ന് ആണ് റിട്ട. അദ്ധ്യാപിക ജയശ്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാല പൊട്ടിച്ചത്. ഇത് തിരൂരങ്ങാടിയില്‍ കൊണ്ട് പോയി നാലര ലക്ഷം രൂപയ്ക്ക് വില്‍ക്കുകയാണ് ആദിത്ത് ചെയ്തത്. അതില്‍ നിന്ന് 50000 രൂപ മുടക്കി ഒപ്പം താമസിച്ചിരുന്ന ഫാത്തിമ തസ്‌നി (19) എന്ന യുവതിക്ക് സ്വര്‍ണ മാല വാങ്ങി നല്‍കി.
കുറച്ച് പണം ഫാത്തിമ പഠിച്ചിരുന്ന കോഴ്‌സിന്റെ ഫീസായി അടയ്ക്കുകയും ചെയ്തിരുന്നു. സ്വര്‍ണ മാല വില്‍ക്കാനായി തിരുരങ്ങാടിയിലേക്ക് ആദിത്ത് പോയപ്പോള്‍ ഫാത്തിമയും ഒപ്പം പോയിരുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ സാമ്പത്തികമായി വലിയ ബാദ്ധ്യത വന്നതോടെയാണ് ആദിത്ത് മാല മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്. ആനാപ്പുഴ ജിയുപിഎസില്‍ നിന്ന് പ്രധാനാദ്ധ്യാപികയായി വിരമിച്ച ജയശ്രീയുടെ മക്കള്‍ ജോലിസംബന്ധമായി അകലെയാണ്. പ്രായാധിക്യത്താല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.
മാല നഷ്ടപ്പെട്ടതിന് പിന്നാല ജയശ്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോള്‍ തന്നെ അയല്‍വാസിയായ ആദിത്തിനെ പൊലീസ് സംശയിക്കുകയും ചെയ്തിരുന്നു. പൊലീസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് മനസ്സിലാക്കിയ യുവാവ് മോഷണം നടത്തിയതിന് പിന്നില്‍ മറ്റൊരാളാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമിച്ചിരുന്നു. തന്റെ വീട്ടിലെ അടുക്കളയില്‍ കയറി ഒരാള്‍ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഓടി രക്ഷപ്പെട്ട ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ കത്തി കൊണ്ട് ആക്രമിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ആദിത്ത് ഉന്നയിക്കുന്ന കാര്യങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. 27ാം തീയതി ഇയാള്‍ മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയില്‍ എത്തി സ്വര്‍ണം വിറ്റ് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവായത്. തിരൂരങ്ങാടിയില്‍ പണയം വച്ച സ്വര്‍ണം തന്റെ പെണ്‍സുഹൃത്തിന്റെ മാതാവിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്ന് പറഞ്ഞ് തടിതപ്പാന്‍ ആദിത് ശ്രമിച്ചെങ്കിലും പൊലീസ് നടത്തിയ പരിശോധനയില്‍ ഇത് കള്ളമാണെന്ന് തെളിഞ്ഞു. കേസില്‍ ഫാത്തിമയേയും ആദിത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |