ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന് ശേഷം വിമാനയാത്ര ഭയക്കുന്ന നിരവധിപേരുണ്ട്. പിന്നീടും പല വിമാനങ്ങളിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് പുറത്തുവന്നത് ഭയത്തിന്റെ ആക്കം കൂട്ടി. ഇപ്പോഴിതാ പണ്ട് വിമാനത്തിൽ കയറാൻ മടി കാണിച്ചിരുന്ന ഒരു ബോളിവുഡ് നടന്റെ കഥയാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഭരത് കുമാർ എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ മനോജ് കുമാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മലയാളത്തിൽ ഉൾപ്പെടെ എല്ലാ ഭാഷകളിലും അദ്ദേഹത്തിന് ആരാധകരുണ്ട്.
മനോജ് കുമാറിന് ഒരു ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നു. വിമാനത്തിൽ കയറാനോ പറക്കാനോ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. എന്നാൽ, വിമാനം ലാൻഡ് ചെയ്‌താലുടൻ മനോജ് കുമാറിന് കടുത്ത പനിയും മുഖത്തും കഴുത്തിനും ചുവന്ന് തടിച്ച കുരുക്കളും പാടുകളും ഉണ്ടാവുമായിരുന്നു. 1971 ലെ പുരബ് ഔർ പശ്ചിം എന്ന ചിത്രത്തിന്റെ ഷെഡ്യൂളിനായി ലണ്ടനിലേക്ക് പോകുമ്പോഴാണ് മനോജ് കുമാറിന്റെ ഈ പ്രശ്‌നം ആദ്യമായി തിരിച്ചറിയുന്നത്. ലണ്ടനിൽ വിമാനമിറങ്ങിയ ഉടനെ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കഴുത്തിലുമുള്ള കുരുക്കൾ വന്നതോടെ സിനിമാ ചിത്രീകരണത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
ചിത്രത്തിനായി 'രഘുപതി രാഘവ് രാജാ റാം' എന്ന പ്രശസ്ത ഗാനം ചിത്രീകരിക്കേണ്ടി വന്നപ്പോൾ, ക്യാമറയിൽ നിന്ന് മുഖവും കഴുത്തും മനോജിന് മറയ്ക്കേണ്ടി വന്നു. ഈ പ്രശ്‌നം എപ്പോൾ വിമാനത്തിൽ യാത്ര ചെയ്‌താലും അദ്ദേഹത്തിന് ഉണ്ടാകുമെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. സമ്മർദ്ദം, വായു മർദ്ദത്തിലെ മാറ്റങ്ങൾ അല്ലെങ്കിൽ അലർജി എന്നിവ മൂലമാകാം ഈ പ്രശ്‌നമെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. പുരബ് ഔർ പശ്ചിമിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോൾ, മനോജ് കുമാർ വിമാനത്തിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചു. പകരം ഒരു മാസത്തെ കപ്പൽ യാത്ര ചെയ്‌താണ് ലണ്ടനിലെത്തിയത്.
54 സിനിമകളിൽ മനോജ് കുമാർ അഭിനയിച്ചിട്ടുണ്ട്. 2025 ഏപ്രിലിൽ, തന്റെ 87-ാം വയസിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണമാണ് മനോജ് കുമാർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |