നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ചുള്ള നടൻ ടിനിടോമിന്റെ പ്രസ്താവനയെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വിമർശിച്ചു. ടിനിടോമിന്റെ പരാമർശം കൃത്യമല്ലാത്തതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയിൽ അവസരങ്ങൾ ഇല്ലാതാകുമ്പോൾ പ്രേം നസീർ പലപ്പോഴും അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീടുകളിൽ ചെന്ന് കരയുമായിരുന്നുവെന്നാണ് ടിനിടോം പറഞ്ഞിരുന്നത്. ഇതിനെ കുറിക്കു കൊള്ളുന്ന മറുപടിയുമായിട്ടാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മിയുടെ പ്രതികരണം:
'പ്രേംനസീർ സാർ അവസാന നാളുകളിൽ സിനിമയില്ലാതെയായപ്പോൾ അടൂർ ഭാസിയുടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന ടിനിടോമിന്റെ പ്രസ്താവന എനിക്ക് കുറേപ്പേർ അയച്ചിരുന്നു. എൺപത്തിയഞ്ചു വരെ മദ്രാസിലുണ്ടായിരുന്ന, അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത, അദ്ദേഹത്തിന്റെ എല്ലാ നന്മയും അനുഭവിച്ച ഞങ്ങൾക്ക് ആ പരാമർശം വേദനിപ്പിച്ചു. അദ്ദേഹത്തെ അവസാന കാലം വരെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
മരിക്കുന്നതിന് മുൻപ് തിരുവനന്തപുരത്തെ ഇടപഴഞ്ഞിയിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. ആ സമയത്തും അദ്ദേഹം ഹാപ്പിയായിരുന്നു. ആ സമയമെല്ലാം അദ്ദേഹം ആസ്വദിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുമായിരുന്ന ദിവസങ്ങളായിരുന്നു അത്. അങ്ങനെയുള്ള ഒരാൾ അവസാന ദിവസം അവസരം ലഭിക്കാതെ കരഞ്ഞു എന്ന് പറയുന്നത് ശരിയല്ല. ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ആര് പറഞ്ഞാലും, ടിനിടോം ആധികാരികതയില്ലാതെ സംസാരിക്കരുതായിരുന്നു. നമ്മൾ കേൾക്കുന്ന കാര്യങ്ങൾ സത്യമാണോ എന്ന് പരിശോധിക്കണം. ചില ആളുകൾ മരിച്ചുപോയ കലാകാരന്മാരെക്കുറിച്ച് അധികാരത്തോടെ ധാരാളം കെട്ടിച്ചമച്ച കഥകൾ പറയുന്നത് യൂട്യൂബ് ചാനലുകളിൽ കേൾക്കാറുണ്ട്. ആ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും, അവരുടെ ബന്ധുക്കൾക്ക് ഇത് കേൾക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല. യൂട്യൂബ് ചാനലുകൾ പണത്തിനുവേണ്ടിയാണ് ഇത് പറയുന്നതെന്ന് നമുക്ക് തോന്നാം.
എന്നാൽ ടിനിടോമിനെപ്പോലുള്ള ഒരു നടൻ അഭിമുഖങ്ങളിൽ അത്തരം കാര്യങ്ങൾ പറയരുത്. നിങ്ങൾ കേൾക്കുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. അത് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. നസീർ സർ ജീവിച്ചിരുന്നപ്പോൾ ടിനി സിനിമയിൽ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചവരുമായ ഞങ്ങൾക്ക് ഇത് വേദനയുണ്ടാക്കും. ഇതൊരു നെഗറ്റീവ് പരാമർശമാണ്,' ഭാഗ്യലക്ഷ്മി പറഞ്ഞു.
‘എല്ലാവരും സ്റ്റുഡിയോയ്ക്ക് പുറത്ത് ഇരുന്ന് കഥകളും വൺലൈനറുകളും പറയാറുണ്ട്. ഞാൻ ഇത് ചെയ്താൽ അത് ശരിയാകില്ല, മറ്റാരെങ്കിലും ഇത് ചെയ്യണം... അവനെ വിളിക്ക്. നസീർ സർ അങ്ങനെയൊക്കെ പറയുന്ന ആളാണ്. അദ്ദേഹം പരാതിപ്പെടുയോ അവസരങ്ങൾക്കായി യാചിക്കുന്ന ആളോ അല്ല. കേരളത്തിൽ നിന്ന് മദ്രാസിലേക്ക് വരുന്ന ഏതൊരാൾക്കും ധൈര്യത്തോടെ പ്രവേശിക്കാൻ കഴിയുന്ന ഒരു വീടായിരുന്നു അത്. അവിടെ ഭക്ഷണമുണ്ടാകും. അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടിനി ടോമിന്റെ പ്രസ്താവന കേൾക്കുമ്പോൾ അവർ എന്തു വിചാരിക്കും? നമ്മുടെ മുത്തച്ഛൻ ഇത്രയും കഷ്ടപ്പെട്ട് മരിച്ചെന്ന് അവർ ചിന്തിക്കില്ലേ. നസീർ സാർ അങ്ങനെയുള്ള ആളല്ല, ടിനി... നിങ്ങൾക്ക് അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ, അത് തിരുത്തണം.’ ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |