'പൂമരം" തന്നതാണ് അശ്വതി മനോഹരനെ. കഥാപാത്രമായി മാറാൻ കഴിയുന്ന സവിശേഷതയുമായി ഓരോ സിനിമയിലും അശ്വതി മനോഹരൻ വേറിട്ടു നിൽക്കുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കക്ഷി അമ്മിണിപ്പിള്ള, അന്വേഷിപ്പിൻ കണ്ടെത്തും, ഗു, ലൗലി എന്നീ സിനിമകളിലും കേരള ക്രൈം ഫയൽസ് സീസൺ1 വെബ് സീരിസിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യാത്ര.'ധീരൻ" സിനിമയിൽ നായികയായി പ്രേക്ഷകർക്ക് മുൻപിൽ നിറയുകയാണ് അശ്വതി മനോഹരൻ.
ധീരൻ സിനിമയിൽ അഭിനയിക്കുമ്പോൾ തോന്നിയ പ്രത്യേകത ?
ധീരനിൽ കോമഡിയും ആക്ഷനും ഡ്രാമയുമുണ്ട്. ഏറെ പ്രത്യേകത നിറഞ്ഞ സിനിമ. രാജേഷ് മാധവനെ ഇതുവരെ കാണാത്ത കഥാപാത്രത്തിൽ . ഒരുപാട് സീനിയർ താരങ്ങളുണ്ട്. അവർ എല്ലാവരും ഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുന്നു. അതെല്ലാം നേരിൽ കാണാൻ കഴിഞ്ഞത് രസകരമായി തോന്നി. തീർച്ചയായിട്ടും പ്രേക്ഷകർക്കും രസം പകരും എന്നാണ് പ്രതീക്ഷ. രാജേഷ് മാധവൻ അവതരിപ്പിക്കുന്ന എൽദോസിനെ പ്രണയിക്കുന്ന സുരമ്യ ആണ് ഞാൻ. നാട്ടിൻപുറത്ത് ജീവിക്കുമ്പോഴും തനിക്ക് വേറിട്ട കാഴ്ചപ്പാടും ചിന്തയുമെന്ന് സുരമ്യ വിശ്വസിക്കുന്നു.
ഓഡിഷൻ വഴിയാണോ സിനിമ പ്രവേശം?
പൂമരത്തിലും ആദ്യമായി നായികയായി അഭിനയിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിലും ഓഡിഷൻ വഴി എത്തി. ധീരനിൽ രണ്ട് ലെവൽ ഓഡിഷൻ ഉണ്ടായിരുന്നു. ലൗലിയിൽ ക്യാരക്ടർ വേഷത്തിൽ എത്തിയതും ഓഡിഷൻ വഴി. അധികം സിനിമയിലും ഒാഡിഷനിലൂടെ എത്തി. ധീരൻ കണ്ട് ആരെങ്കിലുമൊക്കെ അടുത്ത ഓഡിഷിന് വിളിക്കുമെന്ന് വിശ്വസിക്കുന്നു. നിവിൻ പോളിയുടെ ആദ്യ വെബ്സിരീസ് ഫാർമ ആണ് അടുത്ത റിലീസ്. പഠിച്ചത് നൃത്തം ആണ്. ഭരതനാട്യത്തിൽ പി.ജി ചെയ്തു. ഫ്രീലാൻസായി ഡാൻസ് കമ്പനിയിൽ പ്രവർത്തിച്ചു. അതിനൊപ്പം യോഗ അദ്ധ്യാപനവും. ഈ സമയത്താണ് അഭിനയത്തിൽ താത്പര്യം തോന്നുന്നത്.
നൃത്തവും യോഗയും ജീവിതത്തിൽ വരുത്തിയ മാറ്റം?
കുട്ടിക്കാലത്ത് അന്തർമുഖയാണെന്ന് മാത്രമല്ല നാണവും ചമ്മലും ഉണ്ടായിരുന്നു. ആളുകളുടെ മുൻപിൽ സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി. രണ്ടാംക്ളാസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ മത്സരത്തിൽ പങ്കെടുത്തു തുടങ്ങിയതു മുതൽ ആത്മവിശ്വാസം ഉണ്ടാകുന്നു. സമ്മാനങ്ങൾ ലഭിച്ചതോടെ എന്തോ ഒരു കഴിവുണ്ടെന്ന വിശ്വാസം തോന്നി . അവിടെനിന്ന് മാറ്റം ആരംഭിച്ചു. എന്നാൽ ഇപ്പോഴും ബഹുർമുഖ വ്യക്തിയൊന്നുമല്ല.ചിലസമയത്ത് മറ്റുള്ളവരുമായി ഇടപഴകുകയും മറ്റു ചിലപ്പോൾഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആണ് ഞാനെന്ന് വിശ്വസിക്കുന്നു. എന്നാൽ എന്റെ പല സ്വഭാവ രീതിയെ മാറ്റി മറിച്ചത് നൃത്തം തന്നെയാണ്. പെട്ടെന്ന് ഒരു പാട്ടിനനുസരിച്ച് നൃത്തം ചെയ്യാൻ കഴിയില്ലായിരുന്നു. പരിശീലനം ഉണ്ടായാൽ മാത്രമേ സാധിക്കൂ. പരിശീലനത്തിന് ഏറെ സമയം വേണ്ടിവരും. സിനിമയിൽ അഭിനയിച്ചു തുടങ്ങിയതോടെ അതിനും മാറ്റംവന്നു. നാടകവുംനാടകത്തിന്റെ ഭാഗമായ തയാറെടുപ്പോ റിഹേഴ്സലോ ഇല്ലാത്തഅഭിനയ രീതിയും എല്ലാം തുടങ്ങിയതോടെ വീണ്ടും മാറ്റം. എല്ലാം പഠിച്ച് ചെയ്യണമെന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഓരോ പ്രായത്തിലും ഓരോന്നിനെ പലപ്പോഴായി ബ്രേക്ക് ചെയ്തു. എന്നാൽ ചിട്ടകൾ പാലിക്കുന്ന വ്യക്തിയാക്കി മാറ്രിയത് യോഗ ആണ്.
നാടകം എപ്പോഴാണ് കൂടെ ചേർന്നത് ?
അതും സംഭവിച്ചതാണ്. തുടക്കത്തിൽ വർക്ക് ഷോപ്പുകളുടെ ഭാഗമായി. ചെറുതിൽ നിന്ന് വലുതിലേക്ക് ആദ്യമായി വന്നത് നടൻ റോഷൻ മാത്യൂസ് സംവിധാനം ചെയ്ത 'ബൈ ബൈ ബൈപ്പാസ് "എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ്. തിയേറ്റർ വലിയൊരു ലോകം തന്നെ. ഞാൻ അത് ആസ്വദിക്കുന്നു.
കലാരംഗം തിരഞ്ഞെടുക്കുമ്പോൾ വീട്ടുകാർക്ക് ഉത്കണ്ഠ തോന്നിയില്ലേ?
പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ പറയുന്നത്. വലിയ വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. നാലഞ്ചുവർഷം വേണ്ടിവന്നു വീട്ടുകാർക്ക് അത് ഉൾക്കൊള്ളാൻ. ആ കാലഘട്ടം വലിയ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഇതേ ചെയ്യു എന്ന് വീട്ടിൽ ബോദ്ധ്യമായി. എന്റെ പി.ആർ ഏജന്റ്സ് വീട്ടുകാരാണെന്ന് ഇപ്പോൾ സുഹൃത്തുക്കളോട് പറയാറുണ്ട്. ഇന്റർവ്യൂന്റെയോ ഞാൻ അഭിനയിച്ച സിനിമയുടേയോ പോസ്റ്റർ വന്നാൽ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത് അവർ വെറുപ്പിക്കുന്നു. (ചിരി) എനിക്ക് ഉള്ളത് വരുമെന്നും ചിലപ്പോൾ സമയം എടുക്കുമെന്നും പൂർണമായും വിശ്വസിക്കുന്ന ആളാണ് ഞാൻ.
ആഗ്രഹിക്കുന്ന കഥാപാത്രമുണ്ടോ ?
കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. കെ.പി.എ.സി ലളിത, കല്പന, ഉർവശി ഇവരാണ് എന്റെ റോൾ മോഡൽ . ഇവരുടെ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്. കോമഡി കഥാപാത്രങ്ങൾ ലഭിച്ചാൽ ശരിക്കും ആസ്വദിച്ച് ചെയ്യാറുണ്ട്. ലൗലിയിൽ കോമഡി കഥാപാത്രമാണ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |