ഒരുപാട് സീൻ വേണമെന്നില്ല. ഒന്നോ രണ്ടോ ആയാലും മതി. അധികം സീൻ ഇല്ലെങ്കിലും 'കേരള ക്രൈം ഫയൽസ് സീസൺ 2 "എന്ന വെബ് സീരിസിൽശ്രദ്ധ കവർന്ന കഥാപാത്രം ആകാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ നൂറിൻ ഷെരീഫ്. ഈ ഒരു നിമിഷം നൂറിൻ തീവ്രമായി ആഗ്രഹിച്ചിരുന്നതാണ്. കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് സംവിധായകൻ അഹമ്മദ് കബീറും തിരക്കഥാകൃത്ത് ബാഹുൽ രമേശും പറഞ്ഞിരുന്നു. നടനും ഭർത്താവുമായ ഫാഹിം സഫറുമായി ചേർന്ന് ആദ്യമായി എഴുതിയ തിരക്കഥ ദിലീപ് നായകനായി 'ഭ.ഭ. ബ "എന്ന പേരിൽ സിനിമയാകുന്നതിന്റെ ഇരട്ടി മധുരത്തിലുമാണ് നൂറിൻ .
ഇങ്ങനെ കേൾക്കുന്നതിൽ
സന്തോഷം
അപ്രതീക്ഷിതമായാണ് സ്റ്റെഫിയെ ലഭിച്ചത്.സ്റ്റെഫി ഞാനാണെന്ന് ആളുകൾക്ക് മനസിലായിട്ടില്ല. കഥാപാത്രമായി മാറാൻ ആത്മാർത്ഥമായി ശ്രമിച്ചു.ചുരുണ്ട മുടി മാറ്റി സ്ട്രിയിറ്ര് ഹെയറാക്കി. എല്ലാവരും എന്നെ ചുരുണ്ട മുടിയിലല്ലേ കണ്ടത്. ഇപ്പോൾ ഒരുപാട് സന്തോഷത്തിലൂടെ കടന്നുപോവുന്നു.
നല്ല കഥാപാത്രം അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പുറത്തുപോകുമ്പോൾ സ്റ്റെഫി നന്നായി എന്ന് കേൾക്കുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം . ഇങ്ങനെ കേൾക്കാനാണ് എല്ലാ നടീനടൻമാരും എപ്പോഴും ആഗ്രഹിക്കുന്നത് . കെ.സി.എഫ് ടീമിലെ എല്ലാവരും എന്നെ വിശ്വസിച്ച് സ്റ്റെഫിയെ തന്നപ്പോൾ വൃത്തിയായി ചെയ്യണമെന്നേ ആഗ്രഹിച്ചുള്ളു. ഭാവിയിൽ എന്തായിരിക്കും വരാൻ പോകുന്നതെന്ന് അറിയില്ല. നല്ല പ്രോജക്ടിന്റെ ഭാഗമാകണമെന്ന് തന്നെയാണ് ഇനിയും ആഗ്രഹം.
മാറി നിന്ന
രണ്ടു വർഷം
'ചങ്ക്സ് "എന്ന ആദ്യസിനിമയിലൂടെ ആളുകൾ അറിഞ്ഞു തുടങ്ങി . അതിനുശേഷം ഒന്ന് രണ്ട് സിനിമകൾ ചെയ്തു. അത് റിലീസ് ചെയ്തപ്പോൾ ഇങ്ങനെയാണോ പോവേണ്ടത് എന്ന് തോന്നി. ആഗ്രഹിച്ചപോലെ എത്താൻ കഴിയുന്നുണ്ടോ എന്ന് പലവട്ടം ചിന്തിച്ചു. സിനിമയിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. നിലനിൽപ്പാണ് കഠിനം എന്ന് തിരിച്ചറിഞ്ഞു. സിനിമ വേണോ വേണ്ടയോ എന്നുപോലും ചിന്തിച്ചിട്ടുണ്ട് . നല്ല കഥാപാത്രം ലഭിക്കുന്നതുവരെ മാറി നിൽക്കാൻ തീരുമാനിച്ചു. ആസമയത്ത് ഒരു ചെറിയ സിനിമയുടെ തിരക്കഥയുടെ ഭാഗമായി. എന്റെ കല്യാണം കഴിഞ്ഞു . രണ്ടു വർഷത്തിനു ശേഷം കേരള ക്രൈം ഫയൽസിൽ ആണ് അഭിനയിച്ചത് . അഭിനയത്തിൽനിന്ന് തിരിച്ചുപോയിരുന്നെങ്കിൽ ഇതൊന്നും സാധിക്കില്ലായിരുന്നു. ഉയർച്ച താഴ്ചകൾ എല്ലാവരുടെയും ജീവിതത്തിൽ എഴുതി വച്ചിട്ടുണ്ടാകും. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ലെങ്കിൽ അതിന് മറ്റൊരു കാരണം ഉണ്ടാകും എന്ന വിശ്വസിക്കുന്ന കൂട്ടത്തിലാണ് .
പ്രതീക്ഷിക്കാതെ
തിരക്കഥ എഴുത്ത്
അഭിനയിക്കാൻ മാത്രമാണ് സിനിമയിൽ വന്നത്. തിരക്കഥയുടെ 'എബിസിഡി" അറിയില്ലായിരുന്നു. എഴുത്ത് വളരെ വലിയ ജോലി ആണ്. അവസാന നിമിഷം ആയിരിക്കും പലപ്പോഴും അഭിനയിക്കാൻ വിളിക്കുക. അപ്പോൾപോലും ഏറെ അദ്ധ്വാനം നൽകേണ്ടി വരുന്നു. ഒരുപാട് ക്ഷമയും സമയവും വേണം തിരക്കഥ എഴുതാൻ.സിനിമയെപ്പറ്രി സംസാരിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു ഫാഹിം. 'മധുരം" സിനിമയുടെ തിരക്കഥാ പങ്കാളിയായിരുന്നു ഫാഹിം.ഞാൻ വായിക്കുന്ന ആളാണ്. ഞങ്ങളുടെ സംസാരത്തിൽ നിന്ന് ഒരുമിച്ച് എഴുതാമെന്ന തീരുമാനത്തിൽ എത്തി. വലിയ ഒരു ടീം ഒപ്പമുണ്ട്. 'ഭ.ഭ.ബ"യുടെ ഇതുവരെ നടന്ന ജോലിയിൽ സന്തോഷമുണ്ട്. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയാണ് ഇനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |