കൊച്ചി: സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ജെഎസ്‌കെയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ. സിനിമയുടെ പേര് മാത്രമല്ല, കഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോർഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി സംസാരിച്ചു. അദ്ദേഹം നേരിട്ട് ഇടപെട്ടിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
'കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ട്. അതൊക്ക മാറ്റാനാകുമോ. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് കടന്നേക്കും. എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ പറ്റില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിത്. സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ട്'- ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നേരത്തെ പത്മകുമാർ സംവിധാനം ചെയ്ത സിനിമയ്ക്കും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. അതിലെ കഥാപാത്രത്തിന്റെ പേരും ജാനകി എന്നായിരുന്നു. അതും മാറ്റണം എന്ന് പറഞ്ഞു. അദ്ദേഹം ജാനകിയെ ജയന്തി എന്ന് പറഞ്ഞു മാറ്റിയ ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും ബി ഉണ്ണികൃഷ്ണ ചൂണ്ടിക്കാണിച്ചു. രാവണ പ്രഭുവിലും ജാനകി എന്നായിരുന്നു നായികയുടെ പേരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസമാണ് ജെഎസ്‌കെയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചെന്ന വാർത്തകൾ പുറത്തുവന്നത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകിയെന്നും ഇത് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. സുരേഷ് ഗോപി നായകനായി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമാണ് 'ജെ എസ് കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'.
19 വർഷങ്ങൾക്ക് ശേഷം സുരേഷ്ഗോപി വീണ്ടും വക്കീൽ വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ജാനകി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായികമാണ്.
അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം രണദിവേ, എഡിറ്റിംഗ് സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം ജിബ്രാൻ, സംഗീതം ഗിരീഷ് നാരായണൻ, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസമോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |