ഒരു വർഷമായി താൻ 'സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ലെന്ന് നടൻ ഫഹദ് ഫാസിൽ. കീ പാഡ് ഫോൺ തിരഞ്ഞെടുത്തതിനെക്കുറിച്ചും സോഷ്യൽ മീഡിയ ശീലങ്ങളെക്കുറിച്ചും തുറന്നു പറയുകയായിരുന്നു നടൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഫോണിൽ കിട്ടുന്നത് ഐപാഡിലും കമ്പ്യൂട്ടറിലും കിട്ടുമെന്നും താരം വ്യക്തമാക്കി.
ലോകപ്രശസ്ത ബ്രാൻഡായ വെർട്ടുവി കീപാഡ് മോഡലാണ് ഫഹദ് ഉപയോഗിക്കുന്നത്. മിക്ക ആധുനിക സ്മാർട്ട്‌ഫോണുകളേക്കാളും വളരെ വില കൂടുതലാണിതിന്. 3G/ക്വാഡ്-ബാൻഡ് GSM പിന്തുണയുള്ള ഫോണിൽ ബ്ലൂടൂത്ത്, ജിപിആർഎസ്, എസ്എംഎസ്, എംഎംഎസ്, 170-ലധികം രാജ്യങ്ങളിൽ 24/7 കൺസേർജ് സേവനങ്ങൾ എന്നിവ ലഭ്യമാണ്.
സോഷ്യൽ മീഡിയയുടെ പരിമിതമായ ഉപയോഗത്തെക്കുറിച്ചും ഫഹദ് മനസ് തുറന്നു. 'പ്രോജക്ടുകൾക്കു വേണ്ടിയാണ് ഫോൺ പ്രധാനമായും ഉപയോഗിക്കുന്നത്. വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കുന്നതിനും വീട്ടിൽ നിന്നുള്ള ചിത്രങ്ങളൊന്നും പരസ്യമായി പങ്കിടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് അങ്ങനെ ചെയ്യുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇമെയിൽ വഴി മാത്രം ആക്‌സസ് ചെയ്യാവുന്ന ഒരാളായി മാറുക എന്നതാണ് എന്റെ സ്വപ്നമെന്ന് നസ്രിയയോട് പലപ്പോഴും പറയാറുണ്ട്. കൈയിലുള്ള ഫോൺ ഇത്ര ചർച്ചയാകുമെന്ന് വിചാരിച്ചില്ല.' - താരം അഭിമുഖത്തിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തനിക്ക് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാനും അഭിപ്രായങ്ങൾക്ക് മറുപടി നൽകാനും അറിയില്ലെന്നാണ് താരം പറയുന്നത്. സോഷ്യൽ മീഡിയ ഒഴിവാക്കുമ്പോൾ അകന്ന് പോകില്ലേ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, മോശം സിനിമകൾ ചെയ്താൽ മാത്രമേ ഒഴിവാകുകയുള്ളുവെന്നും ഫഹദ് തമാശയായി മറുപടി നൽകി. നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം പ്രേക്ഷകർ എന്നും തന്നെ ഓർത്തിരിക്കുമെന്നും താരം വ്യക്തമാക്കി. വാട്സാപ്പുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനും ഇല്ലെന്നായിരുന്നു ഫഹദിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |