SignIn
Kerala Kaumudi Online
Sunday, 03 August 2025 7.21 PM IST

മലയാളത്തിലെ പ്രമുഖ താരദമ്പതികൾ പിരിയാൻ കാരണം അയാൾ; സുഹൃത്തിന്റെ ദാമ്പത്യപ്രശ്നം തീർക്കാൻ പോയി നടിക്കൊപ്പം താമസിച്ചു

Increase Font Size Decrease Font Size Print Page
alleppey-ashraf

സിനിമാലോകത്തെ അറിയാക്കഥകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി വെളിപ്പെടുത്തുന്നു സംവിധായകനാണ് ആലപ്പി അഷ്റഫ്. ഒരു സംവിധായകൻ തകർത്ത താര ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

'സോഷ്യൽ മീഡിയയിലെ അതിപ്രസരം കാരണം സിനിമയിലെ പുതിയ രഹസ്യങ്ങൾക്ക് വലിയ ആയുസില്ല. പഴയ തലമുറയിലെ രഹസ്യങ്ങൾ പലതും ഇന്നും അജ്ഞാതമാണ്. ഇപ്പോൾ താങ്കൾ എന്തിനാണ് ഇത് പറയുന്നതെന്ന് ചോദിച്ചാൽ, സിനിമയിൽ ആദ്യകാലത്ത് നല്ല രീതിയിൽ ജീവിച്ച്, ജനമനസുകളിൽ സ്ഥാനമുറപ്പിച്ച ഒരു നടന്റെ ദയനീയമായ പതനത്തിന് ഇടവരുത്തിയ സംഭവങ്ങൾ കാണുമ്പോഴുള്ള വേദനകൊണ്ടുമാത്രമാണ്. നല്ല രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിച്ച നല്ലൊരു നടന്റെ സന്തോഷം നിറഞ്ഞ കുടുംബ ബന്ധം തകരുകയും, തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് അയാൾ വഴുതിവീഴുകയും ചെയ്യുന്നത് കണ്ടപ്പോൾ അയാൾ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തപ്പെട്ടുവെന്നത് നിങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തണമെന്ന് എനിക്ക് തോന്നി.

സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി സൗഹൃദം വച്ച് മുതലെടുത്ത പ്രമുഖ സംവിധായകന്റെ കടന്നുവരവാണ് ശുദ്ധവും പാവവുമായ ആ നടന്റെ കുടുംബ തകർച്ചയ്ക്ക് വഴിവച്ചത്. ഞാൻ മദ്രാസിൽ ഉണ്ടായിരുന്ന കാലത്ത് ഈ നടൻ അവിടത്തെ ഒരു പ്രശസ്ത നടിയുമായി പ്രണയത്തിലായി. ഇവരുടെ അതിസുന്ദരമായ പ്രണയബന്ധം വിവാഹത്തിലേക്ക് എത്തിയപ്പോൾ പലരെയും ക്ഷണിക്കാൻ പോയപ്പോൾ ഞാനും ഒപ്പമുണ്ടായിരുന്നു.

അങ്ങനെ സമാധാനപരമായ അവരുടെ ദാമ്പത്യ ജീവിതത്തിൽ കുട്ടികളും ജനിച്ചു. നടന്റെ പ്രശസ്തി അത്യുന്നതങ്ങളിൽ എത്തുകയും ചെയ്തു. തന്റെ ഭാര്യ എന്ത് പറയുന്നുവോ അത് അപ്പടി അനുസരിക്കുന്ന നല്ല ഭർത്താവായിരുന്നു ഈ നടൻ. സിനിമാ മേഖലയിൽ മാത്രമല്ല ഈ നടൻ തന്റെ സാന്നിദ്ധ്യം അറിയിച്ചത്. ചാനലുകളിൽ അവതാരകനായിട്ടും ഗസ്റ്റ് ആയിട്ടും വന്ന അദ്ദേഹം രാഷ്ട്രീയത്തിലും തിളങ്ങി.

ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം സന്തോഷത്തോടെ പോയാലും എവിടെയെങ്കിലും ഒന്ന് താളം തെറ്റുമ്പോൾ, അത് കുടുംബ ജീവിതത്തിലാണെങ്കിൽ ചിലപ്പോൾ പരിഹരിക്കാൻ പറ്റാതെ പോകും. അതോടെ ഇത് കൂടുതൽ സങ്കീർണതകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തപ്പെടാറുണ്ട്. അത് ചിലപ്പോൾ ദേഹപദ്രവങ്ങളിലേക്കും ചെന്നെത്തിയേക്കാം. വക്കീൽ, കേസ്, കോടതി, പരസ്പരം ചളിവാരിയെറിയൽ, എല്ലാത്തിനുമൊടുവിൽ വേർപിരിയൽ. ഇതൊക്കെ പതിവാണല്ലോ. നിസാര പ്രശ്നങ്ങളാണ് ഇതിനൊക്കെ വഴിതെളിക്കുന്നത്.

എന്നാൽ ഇവരുടെ കാര്യത്തിൽ വളരെ ഗൗരവമേറിയ സംഭവമുണ്ടായിട്ടുണ്ട്. ഇവിടംമുതലാണ് ശുദ്ധനും പാവവുമായിരുന്ന ആ നടന്റെ സ്വഭാവത്തിൽ അടിമുടി മാറ്റംവരുന്നത്. പിന്നീട് കുറേക്കാലം ഒറ്റയ്ക്കുള്ള ജീവിതം. കുറച്ചുകാലങ്ങൾക്ക് ശേഷം മറ്റൊരു ജീവിതസഖിയെ കണ്ടെത്തുന്നു. ആ ബന്ധവും നിലനിന്നില്ല. അവർ പരസ്പരം ചെളിവാരിയെറിയാതെ പിരിഞ്ഞു.

വീണ്ടും ഒറ്റയ്ക്കുള്ള ജീവിതം. അത് കൂടുതൽ കുഴപ്പത്തിലേക്ക് പോയി. പീഡനക്കേസിൽ പ്രതിയാക്കപ്പെട്ടു. അതിപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്. സ്വഭാവ വ്യതിയാനം പല രീതിയിലും പ്രകടമായിത്തുടങ്ങി. രാത്രികാലങ്ങളിലെ ഫോൺ വിളിയും, ഫോണിലൂടെയുള്ള അശ്ലീല സംഭാഷണങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ചു. ഇതെല്ലാം ശോഭനമായ രാഷ്ട്രീയ ഭാവി തകർത്തെറിഞ്ഞു.

ഇതെല്ലാം കുടുംബ ജീവിതത്തിലെ ഫ്രസ്‌ട്രേഷൻ കൊണ്ടുണ്ടായതാണെന്ന് മനസിലാക്കാൻ സൈക്കോളജിയൊന്നും പഠിക്കേണ്ട. സാധാരണക്കാർക്കുപോലും മനസിലാക്കാം. അതിപ്രശസ്തനായ അച്ഛന്റെയും അമ്മയുടെയും ഏകമകൻ. ഈ മകന്റെ ജീവിതം തകർന്നടിഞ്ഞതിന് ഒരു രഹസ്യമുണ്ട്. വില്ലനായി ആ നടന്റെയും ആദ്യ ഭാര്യയുടെയും ജീവിതത്തിലേക്ക് കടന്നുകയറിയ വ്യക്തി സമൂഹത്തിന്റെ മുന്നിൽ പേരും പ്രശസ്തിയുമുള്ള സർവാദരണീയനാണ്. മലയാള സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയ സംവിധായകനുമാണ്.

സൗന്ദര്യ പ്രശ്നത്തിന്റെ പേരിൽ കേരളത്തിലും മദ്രാസിലുമായി ദമ്പതികൾ അകന്നുനിന്നപ്പോൾ പറഞ്ഞുതീർക്കാനെത്തിയ ദൂതനായിരുന്നു സുഹൃത്തായ സംവിധായകൻ. പ്രശ്നം പരിഹരിക്കാൻ സ്ഥിരം സന്ദർശകനായി നടിയുടെ വീട്ടിലെത്തിയ ഈ സംവിധായകൻ പതുക്കെ പതുക്കെ ആ നടിയുടെ വീട്ടിലെ സ്ഥിരതാമസക്കാരനായി. ഇതറിഞ്ഞ സംവിധായകന്റെ ഭാര്യ പിണങ്ങിപ്പോയി. നടിയും സംവിധായകനുമായുള്ള ബന്ധത്തിൽ അരുതാത്ത പലതും നടന്നതായി അവർ ഭർത്താവിന്റെ മുന്നിൽ തുറന്നുപറയേണ്ട അവസ്ഥയുണ്ടായി.

ജീവനുതുല്യം സ്‌നേഹിക്കുന്ന ഭാര്യയിൽ നിന്ന് ഇതറിഞ്ഞപ്പോൾ ഭർത്താവിനുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഇവിടെ തുടങ്ങിയതാണ് നടന്റെ പല തെറ്റുകളിലേക്കുമുള്ള ജൈത്രയാത്ര. പിണങ്ങിപ്പോയ സംവിധായകന്റെ ഭാര്യയെ മറ്റൊരു മാന്യനായ ദൂതൻ പോയി സമാധാനിപ്പിച്ച് തിരികെക്കൊണ്ടുവന്നു.'- അദ്ദേഹം പറഞ്ഞു.

TAGS: ALLEPPEY ASHRAF, MOVIENEWS, MALAYALAMMOVIE, ACTOR, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.