മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. ജൂഡ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിലുണ്ടെന്നാണ് വിവരം. മകൾക്ക് ആശംസയറിയിച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്.
ആശിർവാദ് സിനിമാസിന്റെ മുപ്പത്തിയേഴാം സിനിമയിലാണ് താരപുത്രി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലയിലായിരുന്നു വിസ്മയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയും സിനിമയിലെത്തിയപ്പോൾത്തന്നെ വിസ്മയ സിനിമയിലേക്ക് വരുമോയെന്ന ചോദ്യം ആരാധകരിൽ നിന്നുയർന്നിരുന്നു. മകൾ സിനിമയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അവർക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹൻലാൽ അന്നൊക്കെ മറുപടി നൽകിയത്. അടുത്തിടെയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെയാണ് മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |