പ്ലസ് ടു പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ ബിരുദ കോഴ്‌സുകൾ അന്വേഷിക്കുന്ന സമയമാണിത്. സ്‌കൂളുകളിൽ നിന്ന് കോളേജുകളിലേക്കുള്ള മാറ്റം രക്ഷിതാക്കളും വിദ്യാർത്ഥികളും വ്യക്തമായി വിലയിരുത്തണം. എന്താകണമെന്ന് തീരുമാനിക്കേണ്ട കാലയളവാണ് ബിരുദ പഠനകാലം. ആശയവിനിമയം മെച്ചപ്പെടുത്തണം. മലയാളം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താൻ ശ്രമിക്കണം. പതിവായി പത്രങ്ങൾ വായിച്ച് പൊതുവിജ്ഞാനം വർദ്ധിപ്പിക്കണം. കമ്പ്യൂട്ടർ സ്‌കിൽ എല്ലാ തൊഴിലുകൾക്കും അത്യന്താപേക്ഷിതമായതിനാൽ തീർച്ചയായും കൈവരിക്കണം.
കൊവിഡിന് ശേഷം നിരവധി ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകൾ രൂപപ്പെട്ടുവരുന്നു. COURSERA, EdX, Future Learn, SWAYAM തുടങ്ങിയ പ്ലാറ്റുഫോമുകളിൽ അവ ലഭ്യമാണ്. ബിരുദ പഠനത്തോടൊപ്പം ഭാവിയിൽ തൊഴിൽ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ ഓൺലൈൻ ഹ്രസ്വകാല കോഴ്‌സുകൾ പഠിക്കുന്നത് നല്ലതാണ്.
ബിരുദശേഷം ബിരുദാനന്തര പഠനത്തിനുള്ള നിരവധി പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാം. GATE, CAT, GMAT, KMAT, JAM മുതലായവ ഇവയിൽ ചിലതാണ്. ബാങ്കിംഗ്, ഇൻഷ്വറൻസ് തൊഴിലിനുള്ള പരീക്ഷകൾ, KAS, CIVIL സർവീസ് പരീക്ഷ എന്നിവയ്ക്കും ചിട്ടയോടെ ബിരുദപഠന കാലത്ത് തയ്യാറെടുക്കാം. യു.ജി.സിയുടെ പുതുക്കിയ നിബന്ധനകൾക്കനുസരിച്ച് ഒരേസമയം രണ്ടു ബിരുദ കോഴ്‌സുകൾക്കും പഠിക്കാം.
ഇന്റേൺഷിപ്പും
ബിരുദ പഠനവും
ബിരുദ പഠനശേഷം വിദേശ പഠനത്തിൽ താത്പര്യമുണ്ടെങ്കിൽ അതിനുള്ള പരിശ്രമം നേരത്തെ തുടങ്ങണം. താത്‌പര്യമുള്ള ഉപരിപഠന മേഖല, രാജ്യം എന്നിവ തീരുമാനിച്ചാൽ GRE, TOEFL, IELTS, GMAT, Lingua skill, OET, BEC തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കാം. ബിരുദ പഠനകാലത്ത് മികച്ച ഇന്റേൺഷിപ്പുകൾ ചെയ്യാൻ ശ്രമിക്കണം. നാലുവർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാം കഴിഞ്ഞാൽ ഒരുവർഷം കൊണ്ട് ബിരുദാനന്തര ബിരുദം പൂർത്തിയാക്കാം. ദേശീയ, വിദേശ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കണം. ഗവേഷണത്തിൽ താത്‌പര്യമുള്ള വിദ്യാർത്ഥികൾക്ക് വിദേശ സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ് എന്നിവയ്ക്ക് ശ്രമിക്കാം. ക്യാമ്പസ് പ്ലേസ്‌മെന്റിന് നന്നായി തയ്യാറെടുക്കണം. ലോജിക്കൽ, ന്യൂമെറിക്കൽ, അനലിറ്റിക്കൽ, ടെക്‌നിക്കൽ, കമ്മ്യൂണിക്കേഷൻ, ഡൊമൈൻ സ്‌കില്ലുകൾ ഇതിനായി മെച്ചപ്പെടുത്തണം. ഒന്നോ രണ്ടോ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിക്കണം. JAVA Outreach, C++. Python എന്നിവ നല്ലതാണ്. പരമാവധി മോക് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ബിരുദധാരികളിലെ തൊഴിൽ ലഭ്യതാ മികവ് രാജ്യത്ത് 30 ശതമാനത്തിൽ താഴെയാണ്. എന്നാൽ ചിട്ടയോടെയുള്ള ബിരുദ പഠനം മികവ് ഉയർത്താൻ സഹായിക്കും. ഒപ്പം, പ്രവേശന പരീക്ഷകൾക്കും നന്നായി തയ്യാറെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |