ചണ്ഡിഗർ: ഹിമാൻഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത് ഇവിടെ അവസാനിക്കരുത്. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് അവൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് നന്ദി പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിയിൽ സംതൃപ്തി പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ. ഓപ്പറേഷൻ അവസാനിപ്പിക്കരുത്. 'ഭീകരതയുടെ അവസാനത്തിന്റെ' തുടക്കമാണെന്ന് ഉറപ്പാക്കണം.
എന്റെ ഭർത്താവ് പ്രതിരോധ രംഗത്താണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്ത് സമാധാനമുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആത്മാവ് ഈ ഓപ്പറേഷനൊപ്പമുണ്ട്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടരുത്. രാജ്യത്ത് വെറുപ്പും ഭീകരതയുമുണ്ടാകരുത്. ഭീകരതയും വിദ്വേഷവും സർക്കാർ വച്ചുപൊറുപ്പിക്കില്ല- ഹിമാൻഷി പറഞ്ഞു. ഹരിയാന കർണാൽ നിവാസിയായ വിനയും ഹിമാൻഷിയും ഹണിമൂൺ ആഘോഷിക്കാനാണ് പഹൽഗാമിലെത്തിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനയുടെ അടുത്തിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലച്ചിരുന്നു.
കൊല്ലപ്പെട്ടവർക്കുള്ള
ആദരാഞ്ജലി
ഇന്ത്യയുടെ തിരിച്ചടി വിനയ് ഉൾപ്പെടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്കുമുള്ള ആദരാഞ്ജലിയായി കാണുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. ഇന്ത്യയുടെ തിരിച്ചടിക്ക് ശേഷം വികാര നിർഭരനായി മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ച വിനയുടെ പിതാവ് രാജേഷ്, സർക്കാർ വിശ്വാസം കാത്തുരക്ഷിച്ചെന്ന് പറഞ്ഞു. 'നമ്മുടെ കുട്ടികൾ ഒരിക്കലും തിരിച്ചുവരില്ല, പക്ഷേ ഈ തിരിച്ചടി ഇനി ആക്രമണങ്ങൾ നടത്തും മുമ്പ് ഭീകരരെ 100 തവണ ചിന്തിക്കാൻ പ്രേരിപ്പിക്കും. നമ്മുടെ സൈനികർ എല്ലാ ബഹുമാനവും അർഹിക്കുന്നു- അദ്ദേഹം പറഞ്ഞു. ഉചിതമായ പ്രതികാരം നടത്തിയ സേനയെ വിനയുടെ അമ്മ ആശ നർവാൾ പ്രശംസിച്ചു. ഇത് ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കുമുള്ള ആദരാഞ്ജലിയും നീതിയുമാണ്. സമാന ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സൈന്യം മുന്നോട്ട് പോകുമെന്നും ഭീകര സംഘടനകൾക്ക് കൃത്യമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അവർ പ്രതികരിച്ചു.
നിരപരാധികളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം ചെയ്തെന്ന് ഹിമാൻഷിയുടെ പിതാവ് സുനിൽ സ്വാമി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |