തിരുവനന്തപുരം: കെ.സുധാകരനെ മാറ്റണമെന്ന് തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ മാറ്റം ഗുണം ചെയ്യില്ലെന്നും കെ,മുരളീധരൻ അഭിപ്രായപ്പെട്ടു. എന്നാൽ അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
നേതൃമാറ്റത്തെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നത് പാർട്ടി പ്രവർത്തനങ്ങൾക്ക് ദോഷം ചെയ്യും. പുതിയ ആവേശത്തോടെ യു.ഡി.എഫ് മുന്നോട്ടു പോകുമ്പോൾ ഇത്തരം വിഷയങ്ങൾ വരുന്നത് ഗുണകരമാവില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഒരു സമുദായവും സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. മാത്രമല്ല ഇത്തരം ചർച്ചകൾ പാർട്ടിയെ സംശയത്തിന്റെ നിഴലിലാക്കും. നേതൃമാറ്റ ചർച്ച പാർട്ടി പ്രവർത്തകരുടെ മനോവീര്യവും തകർക്കും.
കെ.സുധാകരന് ആരോഗ്യപ്രശ്നമുള്ളതായി തോന്നിയിട്ടില്ല. എം.പിയാവാൻ ആരോഗ്യമുണ്ടെങ്കിൽ പാർട്ടി അദ്ധ്യക്ഷനാവാനും ആരോഗ്യമുണ്ടാവും. രാഷ്ട്രീയമാവുമ്പോൾ പലർക്കും പല താത്പര്യങ്ങളുണ്ടാവും.എന്നാൽ തിരഞ്ഞെടുപ്പ് വിജയമാണ് പാർട്ടി താത്പര്യമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |