
14 ദിവസം പൂജപ്പുര ജയിലിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ വിരൽചൂണ്ടിയ ആ 'ദൈവതുല്യന്" പിടിവീണു. ക്ഷേത്രത്തിലെ തന്ത്രിമുഖ്യനായ കണ്‌ഠരര് രാജീവര് (66) ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ ജയിലിൽ. 13-ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവര്
1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിൽ ആറുമണിക്കൂറോളം
ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്. 14 ദിവസത്തേക്ക് പൂജപ്പുര സ്പെഷ്യൽ സബ്‌ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷം ദ്വാരപാലകശിൽപ്പങ്ങളിലെ സ്വർണക്കൊള്ളക്കേസിലും അറസ്റ്റ് രേഖപ്പെടുത്തും.
ഐ.പി.സി 403, 406, 409, 466, 467, 120(ബി), 34, അഴിമതി നിരോധന നിയമത്തിലെ 13(1), 13(2) വകുപ്പുകൾ ചുമത്തി. 2019മേയ് 14മുതൽ മേയ് 19വരെ കണ്‌ഠരര് രാജീവര് തന്ത്രി സന്നിധാനത്തുണ്ടായിരുന്ന കാലയളവിലാണ് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡലവും അഴിച്ചെടുത്ത് പോറ്റിക്ക് കൈമാറിയത്. 2019മേയ് 18നായിരുന്നു ഇത്. കട്ടിളപ്പാളികളും പ്രഭാമണ്ഡലവും സ്ഥാപിച്ചിരുന്നിടത്ത് കൽത്തൂണുകൾ മാത്രമായിരിക്കെ, മേയ് 19ന് ശ്രീകോവിലിൽ തന്ത്രി പൂജകൾ നടത്തി. അതിനാൽ പാളികൾ ഇളക്കിയതിനെക്കുറിച്ച് തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് എസ്.ഐ.ടി കണ്ടെത്തി. തന്റെ അനുമതിയോടെയല്ല കട്ടിളപാളികളും പ്രഭാമണ്ഡലവും ഇളക്കിക്കൊണ്ടു പോയതെങ്കിൽ തന്ത്രി ബോർഡിനെ രേഖാമൂലം അറിയിക്കേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് എസ്.ഐ.ടി കണ്ടെത്തി.
കടുത്ത ആചാര ലംഘനം;
കൊള്ളയ്ക്ക് മൗനാനുവാദം
ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയമൂല്യവും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യസ്ഥനായ തന്ത്രി, ആചാരലംഘനത്തിന് കൂട്ടുനിന്നെന്ന് എസ്.ഐ.ടി. പാളികൾ ഇളക്കിക്കൊണ്ടുപോയത് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്താതെ കൊള്ളയ്ക്ക് കുറ്റകരമായ മൗനാനുവാദമാണ് നൽകിയത്. പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറുന്നത് തടഞ്ഞില്ല.
ശ്രീകോവിലിന്റെ വാതിൽ കട്ടിളയിലെ ദശാവതാരങ്ങൾ പതിച്ച രണ്ടുപാളികൾ, മുകൾപ്പടിയിലെ പാളി, സ്വർണം പതിച്ച ശിവരൂപവും വ്യാളീരൂപവുമടങ്ങിയ രണ്ട് പ്രഭാമണ്ഡല പാളികൾ എന്നിവയാണ് 2019 മാർച്ച് 20ന് ഇറക്കിയ ബോർഡ് ഉത്തരവ് പ്രകാരം 2019മേയ് 18ന് ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയത്. ഇതിന് ദേവന്റെ അനുജ്ഞ വാങ്ങിയിട്ടില്ല. താന്ത്രിക നടപടികൾ പാലിച്ചിട്ടില്ല.
2019ജൂൺ 15ന് മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോഴും കട്ടിളയും പ്രഭാപാളികളും തിരിച്ചെത്തിച്ചിട്ടില്ലെന്ന് തന്ത്രിക്ക് നേരിട്ടറിയാമായിരുന്നു. ഈ സമയത്തും തന്ത്രിയുടെ സാന്നിദ്ധ്യം സന്നിധാനത്തുണ്ടായിരുന്നു. 2019ജൂൺ 18ന് കട്ടിളയും പ്രഭാമണ്ഡലവും തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോഴും തന്ത്രിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ദേവസ്വം മാന്വൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ദേവസ്വത്തിൽ വച്ചുതന്നെ നടത്തേണ്ടതാണ്. ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോവാൻ പാടില്ല. വിജയ്‌മല്യ സ്വർണം പൊതിഞ്ഞ പണികൾ നടത്തിയതും സന്നിധാനത്ത് വച്ചായിരുന്നു.
അടുത്തതാര്;
ഉടനറിയാം
തന്ത്രിയുടെ അറസ്റ്റോടെ സ്വർണക്കൊള്ളക്കേസിൽ അടുത്തത് ആരെന്നതിൽ ആകാംക്ഷ. ഉന്നതരായ ചിലർ ഇനിയും പിടിയിലാവാനുണ്ടെന്ന് എസ്.ഐ.ടി പറയുന്നു. തന്ത്രിയെ ചോദ്യംചെയ്യുന്നതോടെ പല ചോദ്യങ്ങൾക്കും ഉത്തരമാകും. സ്വർണപ്പാളികൾ കടത്തിയതെങ്ങോട്ട് എന്നതടക്കം ഇനി വേണം കണ്ടെത്താൻ. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സംശയമുനയിലാണ്. ചോദ്യം ചെയ്യലിൽ എസ്.ഐ.ടിയുടെ ചോദ്യങ്ങളെല്ലാം കടകംപള്ളി നിഷേധിച്ചിരുന്നു. മൊഴിയിലെ വിവരങ്ങൾ എസ്.ഐ.ടി പരിശോധിക്കുകയാണ്. വൈരുദ്ധ്യം കണ്ടെത്തിയാൽ കടകംപള്ളിക്കും കുരുക്കാവും. ബോർഡംഗമായിരുന്ന ശങ്കരദാസിനെ ഉടൻ അറസ്റ്റ് ചെയ്യും. 2025ൽ സ്വർണം പൂശാൻ അനുമതി നൽകിയ അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്തേക്കും.
ഇ.ഡിയും
കേസെടുത്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്‌ഠരര് രാജീവര് ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലെയും മുഴുവൻ പ്രതികളും ഇ.ഡി കേസിലും ഉൾപ്പെട്ടു. ഇവരെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽപേർ പ്രതികളായേക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ആശു ഗോയലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇന്നലെ വൈകിട്ടാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്. കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് മൂന്നും നാലും പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
''ഒരു കുറ്റവും ചെയ്തില്ല, കുടുക്കിയതാണ്. സ്വാമി ശരണം''
-കണ്ഠരര് രാജീവര്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |