കോഴിക്കോട്: കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ തേടിയ ആൾ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ തേടിയത് എന്തിനാണെന്ന് വിശദമായി ചോദ്യം ചെയ്യും.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സമയത്തായിരുന്നു മുജീബ് കൊച്ചിയിലെ നാവികസേന ആസ്ഥാനത്തേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ നൽകണമെന്ന് ആവശ്യപ്പെട്ടത്. രാഘവൻ എന്ന് പരിചയപ്പെടുത്തിയാണ് മുജീബ് ഫോണിൽ ബന്ധപ്പെട്ടത്. ഫോൺ കോളിൽ സംശയം തോന്നിയതോടെ നാവികസേന ഉദ്യോസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാവികസേനയുടെ പരാതിയിൽ ഹാർബർ പൊലീസാണ് കേസെടുത്തത്.
ഐഎൻഎസ് വിക്രാന്ത്
കൊച്ചിൻ കപ്പൽ ശാലയിൽ നിർമ്മിച്ച് 2022 സെപ്തംബറിൽ കമ്മിഷൻ ചെയ്ത വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. മിഗ് 29കെ യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളും (40 വിമാനങ്ങൾ വഹിക്കും), 10 ക്‌മോവ് കെ31 ഹെലികോപ്റ്ററുകളും ആകാശത്തെ ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള 64 ബരാക് മിസൈലുകളും വിക്രാന്തിൽ വിന്യസിച്ചിരുന്നു. 262 മീറ്റർ നീളവും 59 മീറ്റർ വീതിയും, 30 നോട്ടിക്കൽ മൈൽ വേഗതയുമുണ്ട്. 1500 കിലോമീറ്റർ പരിധിയിലുള്ള ശത്രു ലക്ഷ്യങ്ങൾ പ്രഹരിക്കാൻ ശേഷി. ലോകത്തെ ഏറ്റവും മികച്ച 10 വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |