തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി മുതിർന്ന കവിയും ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. സാമ്പത്തിക സഹായം ലഭിക്കുന്നതിന് മുമ്പ് ചലച്ചിത്ര പ്രവർത്തകർ പരിശീലനം നേടണമെന്ന് അടൂർ നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്.
അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചതിനെക്കുറിച്ചും ശ്രീകുമാരൻ തമ്പി രൂക്ഷമായി തുറന്നടിച്ചു. സ്ത്രീകളെയോ ദളിത് ചലച്ചിത്ര പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കുകയല്ല മറിച്ച് സിനിമയെക്കുറിച്ച് മതിയായ അറിവ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും ശ്രീകുമാരൻ തമ്പി വാദിച്ചു.
ഗായിക പുഷ്പവതിയെ തനിക്ക് അറിയില്ലെന്നും അവരുടെ പാട്ടുകൾ കേട്ടിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സംഗീത നാടക അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും തലവൻ ഭരണകക്ഷി അംഗമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സഹായത്തോടെ നിർമ്മിച്ച സിനിമകളിൽ ഒന്നര കോടി രൂപയുടെ മൂല്യം കാണാൻ കഴിഞ്ഞില്ലെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
'പുഷ്പവതി ലോകോത്തര ഭാവനാശാലി ആയിരിക്കാം. അടൂര്‍ ഗോപാകൃഷ്ണനെ പോലുള്ള വ്യക്തി പ്രസംഗിക്കുന്ന സമയത്ത് അതിനിടയില്‍ കയറി അഭിപ്രായം പറയുന്നത് അറിവില്ലായ്മയാണ്. അടൂരിന്‍റെ പ്രസംഗം കഴിഞ്ഞശേഷം അവർക്ക് സംസാരിക്കാൻ അവസരമുണ്ട്. അത് ന്യായം. അല്ലാതെ ഇടയിൽ കയറി സംസാരിച്ചത് ആളാകാന്‍ വേണ്ടി. അവരെ എല്ലാവരും അറിഞ്ഞില്ലേ. അതുവരെ ആർക്കും അറിയില്ലായിരുന്നല്ലോ.
എനിക്ക് പോലും അറിയില്ലായിരുന്നു. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു ഫോട്ടെയെടുത്ത പരിചയം മാത്രമാണ് ഉള്ളത്. പുഷ്പവതി സിനിമാരംഗത്തുള്ള ആളാണോ. സിനിമയിൽ പാട്ടുകൾ നിർബന്ധമല്ല. ലോകസിനിമകളിലും പാട്ടുകളില്ല. സെക്സ് സീനുകൾ കാണാൻ ചലച്ചിത്രോത്സവങ്ങളിൽ ഒരുപാട് പേർ എത്തുന്ന കാര്യം അടൂർ പറഞ്ഞത് സത്യമാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |