SignIn
Kerala Kaumudi Online
Tuesday, 19 August 2025 3.52 PM IST

ഡെത്ത് കഫേ ഇന്ത്യയിലും, ഇവിടെ തെറാപ്പിയോ മതമോ ഒന്നുമില്ല; ഇതൊക്കെയാണ് അവിടെ സംഭവിക്കുന്നത്

Increase Font Size Decrease Font Size Print Page
death-cafe

ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മരണം. എന്നാൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അധികമാരും ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല മിക്കവർക്കും പേടിയുമാണ്. മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിക്കാൻ ലോകത്ത് ഡെത്ത് കഫേകളുണ്ട്. ഈ കഫേ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ചായ, കാപ്പി, കേക്ക് എന്നിവ ആസ്വദിക്കാൻ മാത്രമല്ല, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഓരോരുത്തരുടെ വികാരങ്ങൾ, അനുഭവങ്ങൾ, ചിന്തകൾ എന്നിവ പങ്കിടാനാണ് ആളുകൾ ഇവിടെ ഒത്തുകൂടുന്നത്.

എന്താണ് ഡെത്ത് കഫേയിൽ നടക്കുന്നത്

ഡെത്ത് കഫേയുടെ പിന്നിലെ ആശയം വളരെ ലളിതമാണ്. ആളുകൾക്ക് ഒത്തുചേരാനും മരണം, ജീവിതം, അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ച് തുറന്ന് ചർച്ച ചെയ്യാനുമുള്ള ഒരു ഇടമാണിത്. ഇതിന് ഒരു നിശ്ചിത അജണ്ടയില്ല, മതപരമായ ആചാരങ്ങളില്ല, തെറാപ്പി സെഷനുകളുമില്ല. പകരം, പങ്കെടുക്കുന്നവർ അവരുടെ വ്യക്തിപരമായ കഥകൾ, ഭയങ്ങൾ, തത്ത്വചിന്തകൾ, മരണത്തെക്കുറിച്ചുള്ള ചിന്തകൾ എന്നിവ പങ്കിടുകയാണ് ചെയ്യുന്നത്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വൈകാരിക വശങ്ങൾ മുതൽ സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് വരെ സംഭാഷണങ്ങളിൽ ഉൾപ്പെടാം. മരണവുമായി പൊരുത്തപ്പെടാൻ ആളുകളെ സഹായിക്കുക, ജീവിതത്തെ നന്നായി മനസിലാക്കുക തുടങ്ങിയവയാണ് ഡെത്ത് കഫേയുടെ ലക്ഷ്യം.

നിശ്ചിത അജണ്ടയില്ല: മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളൊന്നുമില്ല. പങ്കെടുക്കുന്നവരുടെ അനുഭവങ്ങളെയും താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും സംഭാഷണം.


പ്രൊപ്പഗണ്ടയോ, പ്രഭാഷകരോ ഇല്ല: പ്രഭാഷണം മോഡൽ അല്ല, ഇവിടെ പ്രഭാഷകരില്ല. പകരം എല്ലാവരും സജീവമായി ചർച്ചയിൽ പങ്കെടുക്കുന്നു.


തുല്യ സ്വാതന്ത്ര്യം: എല്ലാവർക്കും സംസാരിക്കാനും മറ്റുള്ളവരെ കേൾക്കാനും അവസരം ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സാധാരണയൊരു കഫേ അല്ലെങ്കിൽ ലൈബ്രറി പോലുള്ള സൗഹൃദപരമായ അന്തരീക്ഷത്തിലാണ് സാധാരണയായി സെഷനുകൾ നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് പാനീയങ്ങളും ലഘുഭക്ഷണങ്ങളും ആസ്വദിക്കാനും ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യാനും ഇവിടെ അവസരമുണ്ട്. പങ്കെടുക്കുന്നവരെ യാതൊരു സമ്മർദ്ദവുമില്ലാതെ മനസുതുറക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ആശയം.


ഡെത്ത് കഫേ എങ്ങനെ ആളുകൾക്ക് സഹായകമാകുന്നു?

ആദ്യം ഈ ആശയം അരോചകമായി തോന്നുമെങ്കിലും, ഡെത്ത് കഫേകൾ വളരെ പോസിറ്റീവായ രീതിയിലാണ് ആളുകളെ സ്വാധീനിച്ചെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ഇവിടെ നടക്കുന്ന സംഭാഷണങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്നവയാണ്. പ്രിയപ്പെട്ടവരുടെ വിയോഗത്തെത്തുടർന്നുണ്ടാകുന്ന മനോവേദനയെ അതിജീവിക്കാൻ വ്യക്തികളെ സഹായിക്കുന്നു.

ലണ്ടനിലെ ഒരു സ്ത്രീയ്ക്ക് പത്തൊൻപതുകാരനായ മകനെ നഷ്ടമായി. അപകടമരണമായിരുന്നു. തന്റെ വേദന ആരോടും പറയാതെ ഉള്ളിലൊതുക്കി വർഷങ്ങളോളം അവർ കഴിഞ്ഞു. ഒടുവിൽ ഒരു ഡെത്ത് കഫേയിൽ വച്ച് അവർ തന്റെ കഥ പറഞ്ഞു. ഇതോടെ അവർക്ക് വലിയ ആശ്വാസം തോന്നി. തന്നെ ചിലർ കേൾക്കാനും മനസിലാക്കാനുമുണ്ടെന്ന് ആ സ്ത്രീക്ക് തോന്നി. ഇങ്ങനെ നിരവധി പേർക്ക് തങ്ങളുടെ വേദനകൾ മറക്കാൻ ഡെത്ത് കഫേയിലൂടെ സാധിച്ചെന്നാണ് പറയപ്പെടുന്നത്.

ഡൽഹിയിലെ ഒരു ഡെത്ത് കഫേയിൽ പങ്കെടുത്ത 29 വയസുകാരൻ താൻ ഒരിക്കലും മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. മറ്റുള്ളവരുടെ കഥകൾ കേട്ടപ്പോൾ, തന്നെ ഭയപ്പെടുത്തിയത് മരണമല്ല, മറിച്ച് അപൂർണ്ണമായ ജീവിതം നയിക്കാനുള്ള ഭയമാണെന്ന് അയാൾക്ക് മനസിലായി. ഈ തിരിച്ചറിവ് പകുതിക്ക് വച്ച് നിർത്തിയ നോവൽ എഴുത്ത് ആറ് മാസം കൊണ്ട് പൂർത്തിയാക്കാൻ ഊർജമായി മാറുകയും ചെയ്തു.


2011ൽ യുകെയിലെ ജോൺ അണ്ടർവുഡും അമ്മ സുസി വിൽമെന്റും ചേർന്നാണ് ഡെത്ത് കഫേ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ബുദ്ധമത തത്ത്വചിന്തയിൽ നിന്നും മരണത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് വേണ്ടി വാദിച്ച സ്വിസ് സാമൂഹ്യശാസ്ത്രജ്ഞനായ ബെർണാഡ് ക്രെറ്റാസിന്റെ ക്ലാസുകളിൽ നിന്നാണ് അവർക്ക് പ്രചോദനം ലഭിച്ചത്.

ആദ്യത്തെ ഒത്തുചേരൽ അവരുടെ ബേസ്‌മെന്റിൽ നടന്നു, അവിടെ ചായയും കേക്കും കുടിച്ചുകൊണ്ട് മരണത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കിടാൻ അവർ ആളുകളെ ക്ഷണിച്ചു. ലളിതമായ ഈ ആശയം ലോകമെമ്പാടും വളരെപ്പെട്ടന്നുതന്നെ വ്യാപിച്ചു. ഇന്ന് 80ലധികം രാജ്യങ്ങളിലായി 15,000ത്തിലധികം ഡെത്ത് കഫേകളുണ്ട്.


ഇന്ത്യയിൽ മരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഒരു സെൻസിറ്റീവ് വിഷയമായി തുടരുമ്പോൾ തന്നെ, ഡെത്ത് കഫേകൾ എന്ന ആശയം പതുക്കെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഡൽഹി, മുംബയ്, ബംഗളൂരു, പൂനെ തുടങ്ങിയ നഗരപ്രദേശങ്ങളിൽ. ബംഗളൂരുവിൽ മെന്റൽ ഹെൽത്ത് സംഘടനകളും മറ്റും ഡെത്ത് കഫേകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്, ഡൽഹിയിൽ 2019ൽ ആണ് ഔദ്യോഗികമായി ആദ്യമായി ഡെത്ത് കഫേ സംഘടിപ്പിച്ചതത്രേ.

TAGS: DEATH CAFE, INDIA, LATESTNEWS, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.