കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) പൊതുസ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നുമുള്ള സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ശരിവച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായം 'സിയാലി"ന് ലഭിക്കുന്നതിനാൽ പൊതുസ്ഥാപനമല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. സിംഗിൾബെഞ്ച് വിധിക്കെതിരെ സിയാൽ നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്.
ബോർഡ് മീറ്റിംഗിന്റെ മിനിറ്റ്‌സ് നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെയാണ് സിയാൽ ചോദ്യം ചെയ്തത്. ആർ.ടി.ഐ ആക്ട് അനുസരിച്ചുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിച്ച് ആവശ്യപ്പെടുന്ന വിവരങ്ങൾ അറിയിക്കണം. നടപടികൾ 15 ദിവസത്തിനുള്ളിൽ സ്വീകരിക്കണമെന്നും കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
'സിയാലി"ന് പിഴ
ഡയറക്ടർ ബോർഡിന്റെ അനുമതിയില്ലാതെ വിവരാവകാശ കമ്മിഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടർ ഹർജിയും അപ്പീലും ഫയൽ ചെയ്തതിന് 'സിയാൽ" ഒരു ലക്ഷം രൂപ പിഴയടയ്‌ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ അക്കൗണ്ടിൽ 10 ദിവസത്തിനകം തുക നിക്ഷേപിക്കണം.
ഇത്തരം നടപടികൾ ആവർത്തിക്കുന്നില്ലെന്ന് ബോർഡംഗമായ ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി 15 ദിവസത്തിനകം അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മാദ്ധ്യമപ്രവർത്തകനായ അജയൻ ഓച്ചന്തുരുത്ത്, വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല തുടങ്ങിയവരുടെ ഹർജികളിലായിരുന്നു നേരത്തെ സിംഗിൾബെഞ്ചിന്റെ ഉത്തരവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |