
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം.
മുൻ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കും. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ജയശ്രീയെ അറസ്റ്റ് ചെയ്തേക്കും. നേരത്തേ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ദ്വാരപാലകപാളി കേസിൽ നാലാം പ്രതിയാണ് ജയശ്രീ. മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നുമാണ് ജയശ്രീയുടെ വിശദീകരണം. 2017 ജൂലായ് മുതൽ 2019 ഡിസംബർ വരെ ജയശ്രീയായിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചു. ജയശ്രീക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.
അതിനിടെ, ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉറ്റ ബന്ധമുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തി. പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര്യവും നൽകിയിരുന്നതായി ജീവനക്കാർ മൊഴി നൽകി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് പ്രസിഡന്റിന്റെ മുറിയാണ്. പൂജാ ബുക്കിംഗിലും പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായും കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |