തിരുവനന്തപുരം/കോഴിക്കോട്: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് എട്ടാംക്ളാസ് വിദ്യാർത്ഥി മിഥുൻ മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പ് സംസ്ഥാനത്ത് രണ്ടിടത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ടിടത്തും കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആക്ഷേപം.
തിരുവനന്തപുരം നെടുമങ്ങാടിന് സമീപം കാറ്രറിംഗ് ജോലി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം രാത്രി ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങിയ യുവാവും കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടമ്മയുമാണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടം അജയ വിലാസത്തിൽ സുരേഷ് കുമാർ- ശാലിനി ദമ്പതികളുടെ മകൻ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അക്ഷയ് സുരേഷ് (19) മരിച്ചത് ശനിയാഴ്ച രാത്രി 11.45നാണ്. സുഹൃത്തുക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്ഷയ്യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും ഷോക്കേറ്റു. പനവൂർ - പനയമുട്ടം റോഡിൽ പാമ്പാടി തയ്ക്കാപ്പള്ളിയുടെ മുന്നിലായിരുന്നു അപകടം.
പിരപ്പൻകോട്ട് വിവാഹ വീട്ടിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് സുഹൃത്തുക്കളായ പനയമുട്ടം പഴവിള കോണത്തുവീട്ടിൽ അമൽനാഥിനും (19) അജയപുരത്ത് വിനോദിനും (29) ഒപ്പം മടങ്ങുകയായിരുന്നു. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡരികിലെ സ്വകാര്യ വസ്തുവിൽ നിന്ന റബർ മരത്തിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പികളും കോൺക്രീറ്റ് പോസ്റ്റും റോഡിൽ പതിച്ചത് മഴയത്ത് ശ്രദ്ധയിൽപ്പെട്ടില്ല.
മരക്കൊമ്പിൽ ഇടിച്ചു മറിഞ്ഞ ബൈക്കിന്റെ ക്രാഷ് ഗാർഡിൽ അക്ഷയിന്റെ കാൽ കുരുങ്ങി പൊട്ടികിടന്ന വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. വിനോദും അമൽനാഥും റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഹെൽമറ്റുകൾ കൊണ്ട് വൈദ്യുതി കമ്പി തട്ടിനീക്കി അക്ഷയ്യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
സഹോദരൻ: വീഡിയോഗ്രാഫറായ അർജുൻ സുരേഷ്. കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ സുരേഷിന് ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ മക്കളാണ് കുടുംബം നോക്കുന്നത്. ജോലിക്കൊപ്പം വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെയാണ് അക്ഷയ് ബിരുദത്തിന് പഠിക്കുന്നത്.
വീട്ടമ്മയ്ക്ക് ഷോക്കേറ്റത് അടുക്കളഭാഗത്തു വച്ച്
കൊയിലാണ്ടിയിൽ വീടിന്റെ അടുക്കള ഭാഗത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് കുറുവങ്ങാട് മാവിൻചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (62) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിലേക്ക് വീണ് നിലത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഫാത്തിമ എത്തിയപ്പോഴാണ് ഷോക്കേറ്റത്. ഭർത്താവ്: ബാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഹമറു, ഫൗസിദ.
കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം
നെടുമങ്ങാട്ട് അപകടാവസ്ഥയിലായിരുന്ന റബർ മരം മുറിക്കാത്തതു മൂലമാണ് അപകടം ഉണ്ടായതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പനവൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.
കൊയിലാണ്ടിയിൽ വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ മാറ്റിത്തരണമെന്ന് പലതവണ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |