തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (35, പപ്പു) മൃതദേഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ അധികൃതർ അറിയിച്ചതായി എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷ് (22), ശ്രീരാഗ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. സീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് നടുവിലക്കര ഗംഗയിൽ വീട്ടിൽ രാധാകൃഷ്ണപ്പിള്ള- ഷീല ദമ്പതികളുടെ മകൻ ശ്രീരാഗ്.മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
കപ്പലിൽ ജോലിക്കായി ബോട്ടിൽ പോകും വഴി 16ന് പുലർച്ചെ 3.30നായിരുന്നു അപകടം നടന്നത്. 21 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. നാലുവയസും രണ്ടുമാസവും പ്രായമുള്ള മക്കളും ഉണ്ട്. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ് എന്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായ ഇന്ദ്രജിത്തിനായുള്ള തെരച്ചിൽ തുടരുന്നു. എടയ്‌ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് ഈ മാസം 14നാണ് നാട്ടിൽ നിന്ന് പോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ്. ഇളയ സഹോദരൻ അഭിജിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |