ചവറ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി കാണാതായവരിൽ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (പപ്പു-35) മൃതദേഹം കണ്ടെത്തിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. തേവലക്കര നടുവിലക്കര ഗംഗയിൽ വീട്ടിൽ രാധാകൃഷ്ണപിള്ള- ഷീല ദമ്പതികളുടെ മകനാണ്.
മൃതദേഹത്തിലെ വസ്ത്രങ്ങൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ തിരിച്ചറിഞ്ഞെന്നും അത് ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസറായ ശ്രീരാഗിന്റേതാണെന്ന് സ്ഥിരീകരിച്ചുവെന്നും ഷിപ്പിംഗ് ഡയറക്ടർ ജനറൽ ഓഫീസ് അധികൃതർ അറിയിച്ചു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കാൻ പൊലീസിന് കൈമാറി. സീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് ശ്രീരാഗ്.
മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരികെപ്പോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജിത്തുവാണ് ഭാര്യ. അതിഥി, അനശ്വര എന്നിവർ മക്കൾ.
ഷിപ്പിംഗ് ഡയറക്ടറേറ്റിന്റെ ചെലവിൽ തന്നെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ആശ്വാസ ധനസഹായം അടിയന്തരമായി വിതരണം ചെയ്യുമെന്നും പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യത്തിൽ അധികൃതർ ഉറപ്പുനൽകി. ശ്രീരാഗിന്റെ പേരിലുള്ള ഇൻഷ്വറൻസുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ ഷിപ്പിംഗ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |