തിരുവനന്തപുരം : സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ സി. അച്ചുതമേനോന്റെ വെങ്കല പ്രതിമ 30ന് വൈകിട്ട് 4ന് മ്യൂസിയത്തിന് എതിർവശത്തെ ഒബ്‌സർവേറ്ററി ഹില്ലിൽ അനാവരണം ചെയ്യും. ശ്രീനാരായണഗുരു പാർക്കിനോടു ചേർന്ന മൂന്ന് സെന്റ് സ്ഥലത്ത് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് അനാവരണം ചെയ്യുക.
പ്രതിമയും വഹിച്ചുകൊണ്ടുള്ള ‘സ്മൃതിയാത്ര’ ഇന്നലെ പയ്യന്നൂരിലെ ഗാന്ധി പാർക്കിൽ നിന്ന് ആരംഭിച്ചു. കെ.പി. രാജേന്ദ്രനാണ് യാത്രാ ലീഡർ. സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിമ നിർമ്മിച്ചത്. രണ്ടാം പിണറായി സർക്കാരാണ് സ്ഥലം അച്ചുതമേനോൻ ഫൗണ്ടേഷന് അനുവദിച്ചത്. കാനം രാജേന്ദ്രൻ സെക്രട്ടറിയായിരിക്കുമ്പോൾ പ്രതിമയുടെ നിർമ്മാണം
ശില്പി ഉണ്ണി കാനായിയെ ഏല്പിച്ചു. ഒരു വർഷമെടുത്താണ് 1,000 കിലോ ഭാരമുള്ള വെങ്കല പ്രതിമ നിർമിച്ചത്. സ്മൃതിയാത്രക്ക് എല്ലാ ജില്ലകളിലും ഒാരോ പ്രധാന കേന്ദ്രങ്ങളിൽ വരവേല്പ് നൽകും.
ബിനോയ് രചിച്ച
സ്മൃതി ഗാനം
പ്രതിമ അനാവരണത്തിന്റെ ഭാഗമായി ബിനോയ് വിശ്വം രചിച്ച അച്ചുതമേനോൻ സ്മൃതി ഗാനങ്ങൾ പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് കെ.വി.സുരേന്ദ്രനാഥ് സ്മാരകത്തിൽ മന്ത്രി ജി.ആർ.അനിൽ കവിയും നാടകകൃത്തുമായ പിരപ്പൻകോട് മുരളിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 'ഒരുകൊടുങ്കാറ്റിലും അണയാതെ നെഞ്ചിലീ നേരിന്റെ വെട്ടം വിളങ്ങി നിൽപ്പൂ... ' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയത് വേലായുധൻ ഇടച്ചേരി. കലാധരൻ, സരിതാ രാജീവ് എന്നിവർ അലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |