ഇരിട്ടി(കണ്ണൂർ): ആറളം ഫാമിൽ കാട്ടാന ശല്യം തടയാൻ എ.ഐ പ്രതിരോധ മതിൽ സ്ഥാപിക്കുമെന്ന് വനംമന്ത്രി എ.കെ.ശശിന്ദ്രൻ. കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ
കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ സർവകക്ഷി യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ പുൽപ്പള്ളിയിൽ സ്ഥാപിച്ചതുപോലുള്ള എ.ഐ സംവിധാനമാണ് ആറളത്തും പരീക്ഷിക്കുന്നത്.
ഫാമിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആർ.ആർ.ടി സംഘത്തെ ഫാമിൽ വിന്യസിക്കും.ആന മതിൽ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ഇതിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റും.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് തടയാൻ സോളാർ വേലി സ്ഥാപിക്കും. മരണമടഞ്ഞ ദമ്പതികളുടെ കുടുംബത്തിലെ ആശ്രിതർക്ക് താത്കാലിക ജോലി നൽകും. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം ജനപ്രതിനിധികളുടെയും വനം, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം തിരുവനന്തപുരത്ത് നടത്തും.
മന്ത്രിയുടെ ഉറപ്പിൽ
പ്രതിഷേധം നിറുത്തി
കാട്ടാനയാക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അഞ്ച് മണിക്കൂറിലേറെ നീണ്ട പ്രതിഷേധം വനംമന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പുകളെ തുടർന്ന് അവസാനിപ്പിച്ചു. കളക്ടറും ജില്ലാപൊലീസ് ചീഫും നടത്തിയ ചർച്ച പരാജയപ്പെട്ടതിന് തുടർന്നാണ് മന്ത്രി നേരിട്ടെത്തിയത്. നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങളുടെ വേദന താനും പങ്കുവയ്ക്കുകയാണെന്നും മന്ത്രി നാട്ടുകാരോട് പറഞ്ഞു.
മൃതദേഹങ്ങൾ കയറ്റിയ ആംബുലൻസുകൾ തടഞ്ഞായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ള നേതാക്കളേയും തടഞ്ഞു. വനംമന്ത്രിയുടെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. മന്ത്രി നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പ് നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.
കുടുംബത്തിന് 20 ലക്ഷം
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനം. 10 ലക്ഷം ഉടൻ നൽകും. കൊല്ലപ്പെട്ട വെള്ളി (80), ഭാര്യ ലീല (70) എന്നിവരുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അതേസമയം, ആറളം ഫാം പുനരധിവാസ മേഖലയിൽ കർണ്ണാടകവനത്തിൽ നിന്നും അൻപതോളം കാട്ടാനകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം.
മനുഷ്യജീവൻ കുരുതി കൊടുക്കുന്നു : കെ.സുധാകരൻ
കണ്ണൂർ: ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവൻ കുരുതി കൊടുത്തത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതിൽ രണ്ടു സർക്കാരുകളും പരാജയപ്പെട്ടെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആറളത്തെ ആനമതിൽ നിർമ്മാണത്തിൽ ഗുരുതരമായ അലംഭാവമുണ്ടായിട്ടുണ്ട്. വന്യജീവി സംഘർഷം തടയാൻ വനംവകുപ്പ് ഉന്നതലയോഗം കൈക്കൊണ്ട നടപടികൾ കടലാസിൽ മാത്രമാണുള്ളത്. വനംവകുപ്പും കേന്ദ്രസംസ്ഥാന സർക്കാരുകളും അനാസ്ഥ ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടാകുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |