
കൊച്ചി:പോക്കറ്റിൽനിന്ന് 750രൂപ തട്ടിയെടുത്തത് ചോദ്യംചെയ്ത സുഹൃത്തിനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.കൊച്ചി സ്വദേശി ആന്റണിയാണ് (ആന്റപ്പൻ 52) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. പിറവം കാരക്കോട് നെല്ലിക്കുഴിവീട്ടിൽ ജോസഫ് മത്തായിക്കാണ് (56) പൊള്ളലേറ്റത്.45ശതമാനം പൊള്ളലേറ്റ ജോസഫ് കളമശേരി മെഡിക്കൽ കോളേജ് ചികിത്സയിലാണ്.കടവന്ത്ര ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി ഒരുമണിയോടെയായിരുന്നു സംഭവം.
വർഷങ്ങളായി കൊച്ചി നഗരത്തിൽ ആക്രിപെറുക്കിയും കൂലിപ്പണിയെടുത്തും കഴിയുന്നവരാണ് ഇരുവരും.തന്റെ പോക്കറ്റിൽനിന്ന് പണം മോഷ്ടിച്ചത് ശനിയാഴ്ച ജോസഫ് ചോദ്യംചെയ്തിരുന്നു.ഇതിന്റെ പകയിൽ പിറ്റേന്ന് പെട്രോളുമായി എത്തിയ ആന്റണി ഉറങ്ങുകയായിരുന്ന ജോസഫിന്റെ മുതുകിലേക്കൊഴിച്ചു.വെള്ളം വീണെന്ന് കരുതി ജോസഫ് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീ കൊളുത്തിയിത്.സ്വയം തീകെടുത്തിയ ജോസഫ് തൊട്ടടുത്തുള്ള കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി.
ഇയാളെ പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകി.തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആന്റണിയാണ് ആക്രമിച്ചതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ജോസഫ് പൊലീസിനെ അറിയിച്ചു.
പ്രതിയെ ഇന്നലെ രാവിലെ എട്ടോടെ പിടികൂടി.നഗരത്തിലെ ഒരു ലോഡ്ജിൽ കുളിച്ചൊരുങ്ങി സ്ഥലംവിടാനുള്ള ഒരുക്കത്തിലായിരുന്നു ആന്റണി. പണമെടുത്തത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നും പ്രതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. എളംകുളത്തെ പെട്രോൾ പമ്പിൽനിന്ന് ജോലി ആവശ്യത്തിനായി ഒരുമാസം മുമ്പ് വാങ്ങിയ പെട്രോളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.പള്ളുരുത്തി സ്റ്റേഷനിലെ പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |