
ഇരിങ്ങാലക്കുട: 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് 85കാരനെ ബാങ്ക് മാനേജർ രക്ഷിച്ചു. 11.37 ലക്ഷമാണ് പറപ്പൂക്കര സി.എസ്.ബി ബാങ്ക് മാനേജരായ ആൻ മരിയാ ജോസിന്റെ സമയോചിതമായ ഇടപെടലിൽ നഷ്ടപ്പെടാതിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അക്കൗണ്ടിലുള്ള 11.37 ലക്ഷം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് വയോധികൻ ബാങ്കിലെത്തിയത്.
ഫിക്‌സഡ് ഡെപ്പോസിറ്റ് ഇപ്പോൾ പിൻവലിച്ചാൽ 35,000 രൂപ നഷ്ടം വരുമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും, പണം പെട്ടെന്ന് അയക്കണമെന്ന് നിർബന്ധം പിടിച്ചു. സംശയം തോന്നിയ മാനേജർ വിവരം തിരക്കിയപ്പോഴാണ് 'മണി ലോണ്ടറിംഗ്' കേസിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് പണം അയക്കുന്നതെന്ന് പറഞ്ഞത്. വിവരം ബാങ്ക് മാനേജരുമായി പങ്കുവെച്ചാൽ സുപ്രീം കോടതിയെ അറിയിക്കുമെന്നും സുപ്രീം കോടതിയിൽ നിന്ന് അറസ്റ്റുണ്ടാകുമെന്നും വിശ്വസിപ്പിച്ചു. ഒരാഴ്ചയോളമായി രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോൾ വന്നിരുന്നതായും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം 'വെരിഫൈ' ചെയ്യാനായി അയച്ചുനൽകണമെന്ന് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി.
ബാങ്ക് മാനേജർ റൂറൽ സൈബർ സ്റ്റേഷനിൽ വിവരമറിയിച്ച് സ്റ്റേഷനിലെത്തി. എസ്.എച്ച്.ഒ സുജിത്ത് പരാതിക്കാരന്റെ ഫോണിൽ നിന്ന് തട്ടിപ്പുകാരെ വീഡിയോ കോളിൽ വിളിച്ചെങ്കിലും വീഡിയോ ഓൺ ചെയ്യാതെ സംസാരിക്കുകയും ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കോൾ കട്ട് ചെയ്യുകയുമായിരുന്നു. രണ്ട് നമ്പറും ബ്ലോക്ക് ചെയ്തു. ദിവസവും രാവിലെ ഒമ്പത്, ഉച്ചയ്ക്ക് രണ്ട്, രാത്രി ഒമ്പത് എന്നീ സമയങ്ങളിൽ ഇംഗ്ലീഷിൽ സംസാരിച്ചാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് പരാതിക്കാരനെ തിരിച്ചയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |