
കൊച്ചി: ''ഇടതുമുന്നണി സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി. പരിതാപകരമായ അവസ്ഥയാണിത്''. കാഷ്യു കോർപ്പറേഷനുമായി ബന്ധപ്പെട്ട കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി. കേസിലെ പ്രതികളെ വിചാരണചെയ്യാൻ പ്രോസിക്യൂഷൻ അനുമതിതേടി സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ മൂന്നാമതും തള്ളിയത് ചോദ്യം ചെയ്യുന്ന ഉപഹർജി പരിഗണിക്കുമ്പോഴായിരുന്നു വാക്കാലുള്ള പരാമർശം. കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ.രതീഷ് എന്നിവരാണ് പ്രതികൾ.
എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാണ് പൊതുധാരണ. എന്നാൽ, സർക്കാർ അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണ്. സുവ്യക്തമായ കേസാണിത്. എന്തിനാണ് സർക്കാർ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നത്. ആരാണ് ഇതിനുപിന്നിൽ. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാമതും തള്ളിയതിനാൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഉപഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിച്ചത്. സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാർ സമയംതേടിയതിനെ തുടർന്ന് വിഷയം ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹൈക്കോടതി ഉത്തരവ് കണക്കിലെടുക്കാതെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുന്നത് കോടതിയലക്ഷ്യമാണെന്നാണ് ഹർജിക്കാരന്റെ വാദം.
അഴിമതി, ഫണ്ട്
ദുരുപയോഗം
1. കാഷ്യു കോർപ്പറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്
2. ഹൈക്കോടതി നിർദ്ദേശപ്രകാരം 2016ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. 2020 ഒക്ടോബർ 15നും 2025 മാർച്ച് 21നും 2025 ഒക്ടോബർ 28നുമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്
കുറ്റംചെയ്തതിന്
തെളിവില്ലെന്ന്
അഴിമതിനിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റംചെയ്തതിന് തെളിവില്ലാത്ത സാഹചര്യത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകാനാകില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്.
കശുഅണ്ടി കരാറിൽ നടപടിക്രമങ്ങളിലെ വീഴ്ചയാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. പ്രതികൾ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അവിഹിത നേട്ടമുണ്ടാക്കിയതായി പറയുന്നില്ലെന്നും വിലയിരുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |