തിരുവനന്തപുരം: പി.കേശവദേവിന്റെ സ്മരണാർത്ഥം പി.കേശവദേവ് സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 21ാമത് പി.കേശവദേവ് സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിന് ശശി തരൂർ എം.പിയും ഡയബ്സ്‌ക്രീൻ പുരസ്‌കാരത്തിന് പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ.ബൻഷി സാബുവും അർഹരായി. തരൂരിന്റെ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തെയും ആധുനിക രാഷ്ട്രീയ വ്യവസ്ഥയെയും വിമർശനാത്മകമായി സമീപിക്കുന്നതാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. പൊതുജനാരോഗ്യ, വിദ്യാഭ്യാസമേഖലയിലെ പരിശ്രമങ്ങൾക്കും പ്രമേഹ നിയന്ത്രണത്തിനും നൽകിയ സംഭാവനകളാണ് ഡോ.ബൻഷി സാബുവിനെ അർഹനാക്കിയത്. അൻപതിനായിരം രൂപയും ബി.ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
2ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ്,മാനേജിംഗ് ട്രസ്റ്റി ഡോ.ജ്യോതിദേവ് കേശവദേവ്, അവാർഡ് കമ്മിറ്റി ചെയർമാൻമാരായ ഡോ.ജോർജ് ഓണക്കൂർ,ഡോ.ബാലഗോപാൽ പി.ജി,കമ്മിറ്റി അംഗങ്ങളായ ഡോ.വിജയകൃഷ്ണൻ,ഡോ.തോമസ് മാത്യു,ഡോ.അരുൺ ശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |