തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് രാകേഷ് ശർമ്മയ്ക്ക്. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 22 മുതൽ 27 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ പുരസ്‌കാരം സമർപ്പിക്കും.
ഇന്ത്യൻ ഡോക്യുമെന്ററി രംഗത്തെ പരിവർത്തനത്തിന് വിധേയമാക്കിയതിലുള്ള നിർണായകപങ്ക്, സാമൂഹിക നീതിക്കായുള്ള നിലയുറച്ച പ്രതിബദ്ധത, നിർഭയമായ ചലച്ചിത്രപ്രവർത്തനം എന്നിവയെ പരിഗണിച്ചാണ് പുരസ്‌കാരം. രാകേഷ് ശർമ്മ 2004ലെ 'ഫൈനൽ സൊല്യൂഷൻ' എന്ന ഡോക്യുമെന്ററിയിലൂടെയാണ് അറിയപ്പെട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തിൽ വിശകലനം ചെയുന്ന ഈ ഡോക്യുമെന്ററി 120ൽപ്പരം അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യ പ്രദർശനാനുമതി നിഷേധിച്ചിരുന്നെങ്കിലും പൊതുജനപ്രതിഷേധത്തെ തുടർന്ന് വെട്ടലുകളില്ലാതെ 'ഫൈനൽ സൊല്യൂഷ'ന് സെൻസർ സർട്ടിഫിക്കറ്റു ലഭിച്ചു. 2006ലെ ദേശീയ ചലച്ചിത്ര അവാർഡിന്റെ കഥേതര വിഭാഗത്തിൽ ഈ ഡോക്യുമെന്ററി സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടി.
'ഭാരത് ഏക് ഖോജ്' എന്ന ദൂരദർശൻ പരമ്പരയിൽ ശ്യാം ബെനഗലിന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്ത് പ്രവേശിച്ച രാകേഷ് ശർമ്മ ദൂരദർശൻ, ബി.ബി.സി, ചാനൽ 4 എന്നിവയുടെ വിവിധ പദ്ധതികൾക്കുവേണ്ടി പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |