കൊച്ചി: കേസുകൾ ഒതുക്കാൻ ഇടനിലക്കാർ വഴി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർകുമാർ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെപ്പറ്റി ഇ.ഡി അന്വേഷണം ആരംഭിച്ചു. ഇ.ഡിയുടെ ഡൽഹിയിലെ ആസ്ഥാനത്തെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് അന്വേഷിക്കുക.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഇ.ഡി ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് എഫ്.ഐ.ആറിന് തുല്യമായ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്‌തത്. വിജിലൻസ് കേസിൽ ഒന്നാംപ്രതിയായ ശേഖർകുമാറിൽ നിന്ന് വിശദീകരണം തേടിയതായാണ് സൂചന.
ഇടനിലക്കാർ വഴി കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി നൽകിയ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് ഡൽഹിയിലെ ഓഫീസിൽ ഹാജരാകാനും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് അനീഷ് ബാബു. ഇടനിലക്കാരായ വിൽസൺ, മുകേഷ് കുമാർ, രഞ്ജിത്ത് വാര്യർ എന്നിവർ വഴി കേസൊതുക്കാൻ രണ്ടുകോടി രൂപ ശേഖർകുമാർ വാങ്ങിയെന്നാണ് അനീഷിന്റെ പരാതി. ഇ.ഡിക്കെതിരായ അഴിമതിക്കേസിൽ സി.ബി.ഐയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |