ബംഗളൂരു : പ്രമുഖ ഓൺലൈൻ ഫാഷൻ ഇ-കൊമേഴ്സ് കമ്പനിയായ മിന്ത്രയ്ക്കെതിരെ വിദേശ നിക്ഷേപവ്യവസ്ഥകൾ (എഫ്ഡിഐ ) ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) കേസെടുത്തു. ഫെമ നിയമത്തിലെ വകുപ്പ് 6(3) പ്രകാരമുളള വ്യവസ്ഥകൾ മറികടന്ന് 1654.35 കോടി രൂപയുടെ നിയമലംഘനം സ്ഥാപനം നടത്തിയെന്നാണ് കണ്ടെത്തൽ .മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങൾ , ഡയറക്ടർമാർ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട് .ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ)(1999) പ്രകാരമുള്ള പരാതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുളളത് .
'ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി' മാതൃകയിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് മൾട്ടി ബ്രാൻഡഡ് റീട്ടെയില്‍ ട്രേഡ് (എംബിആർടി) പ്രവർത്തനങ്ങൾ മിന്ത്രയും അനുബന്ധ സ്ഥാപനങ്ങളും നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്. എഫ്ഡിഐ നയത്തിനെതിരാണ് മിന്ത്രയുടെ നടപടി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബംഗളൂരു സോണൽ ഓഫീസിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
മൊത്ത വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നും ആരോപണം ഉണ്ട്. മിന്ത്രയുമായി ബന്ധമുള്ള വെക്ടർ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തി. ഒരേസമയം മൊത്തവ്യാപാരവുംചില്ലറ വ്യാപാരവും നടത്തുകയും നിയമം മറികടക്കാൻ ഈ സംവിധാനം ഉപയോഗിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു. 2010ലെ എഫ്ഡിഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമേ അനുബന്ധ ഗ്രൂപ്പ് കമ്പനികൾക്ക് നൽകാൻ കഴിയൂ. ഈ പരിധിയാണ് മിന്ത്ര ലംഘിച്ചത്. കേസെടുത്തതിനെ സംബന്ധിച്ച് ഇതുവരെ മിന്ത്രയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |