കാസർകോട്: അഞ്ചു വയസുകാരൻ മുതൽ 60കാരൻ വരെ. ചെറുമകൾ മുതൽ മുത്തശ്ശി വരെ. ഉദുമ കൊക്കാൽ ഗ്രാമത്തിൽ ഒട്ടുമിക്ക വീട്ടിലുമുണ്ട് ചെണ്ടയിൽ കൊട്ടിക്കയറാൻ ഒരാൾ.
വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, കൂലിപ്പണിക്കാർ, വീട്ടമ്മമാർ, വിശ്രമജീവിതം നയിക്കുന്നവരെല്ലാം കൂട്ടത്തിലുണ്ട്.
നാടിന്റെ ആരാധനാമൂർത്തിയായ ഷൺമുഖന്റെ തിരുമുറ്റത്ത് 85 പേരുടെ അരങ്ങേറ്റം കഴിഞ്ഞദിവസം നടന്നു.
കൊക്കാൽ ഷൺമുഖ ക്ളബിന് കഴിഞ്ഞ വേനലവധിക്ക് തോന്നിയതാണ് ഐഡിയ. പൊതുയോഗം വിളിച്ച് അവതരിപ്പിച്ചപ്പോൾ നാട്ടുകാർക്ക് ആവേശമായി.
കഴിഞ്ഞ ഏപ്രിൽ 10ന് ഷണ്മുഖ മഠം ക്ഷേത്രമുറ്റത്ത് പശിശീലനം തുടങ്ങി. മുൻ പ്രസിഡന്റും ചെണ്ടവിദ്വാനുമായ സി. വിശ്വനാഥൻ മുഖ്യപരിശീലകനായി. രാഘവൻ, അഭിഷേക്, ശിവൻ, അഭിലാഷ്, നിധീഷ് എന്നിവരും പങ്കാളികളായി.
രാത്രി ഏഴ് മുതൽ ഒൻപത് വരെ ചിട്ടയായ പരിശീലനം. സ്കൂൾ തുറന്നപ്പോൾ അവധി ദിനങ്ങൾക്കനുസരിച്ച് ക്രമീകരിച്ചു. പത്തു മാസത്തിനകം ഗണപതിക്കൈയും ചെമ്പടയും ത്രിപുടയും പഞ്ചാരിയും അഭ്യസിച്ചു.
പരിശീലനം കാണാൻ നാട്ടുകാരൊന്നാകെ എത്തി. ഓരോ ദിനവും പരിശീലനം കഴിയുമ്പോൾ ചായയും പലഹാരങ്ങളും വാങ്ങി നൽകാൻ അവർ മത്സരിച്ചു. മേയ് ആറിന് കളനാട് വെള്ളിക്കുന്ന് ചൂളിയാർ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ കൊക്കാലുകാർ മേളം അവതരിപ്പിക്കും. അതിന്റെ ഒരുക്കത്തിലാണിപ്പോൾ.
സർവം ഷണ്മുഖൻ
# കൊക്കാൽ നിവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഷണ്മുഖ മഠം. ഇവിടത്തെ ആണ്ടിയൂട്ട് മഹോത്സവത്തിലും പൂജകളിലും ഭജനയിലും എല്ലാവരും ഒത്തുചേരും.
# സൗജന്യ പരിശീലനത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയ ഷൺമുഖ ക്ളബ്ബിൽ നൂറോളം അംഗങ്ങളുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകയാണ് ക്ലബ്. ഒരു ലക്ഷത്തിലധികം രൂപയാണ് 85 പേരെ വാദ്യം പഠിപ്പിക്കാൻ ക്ളബ്ബിന് ചെലവായത്.
നാടാകെ ചെണ്ടവാദ്യക്കാരെ വാർത്തെടുത്ത ഗുരു വിശ്വനാഥന് നന്ദി
-പി.വി ഭാസ്‌ക്കരൻ, പ്രസിഡന്റ്,
കൊക്കാൽ ഷണ്മുഖ ക്ലബ്
ഇത്രയധികം പേരെ ഒരുമിച്ച് ചെണ്ടവാദ്യം പഠിപ്പിക്കാനായത് വലിയൊരനുഭവം
-സി.വിശ്വനാഥൻ
ചെണ്ടമേളം പരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |