കൊച്ചി: മറ്റ് മയക്കുമരുന്നുകൾക്കൊപ്പം സംസ്ഥാനത്തേയ്ക്ക് ഹെറോയിൻ കടത്തും വർദ്ധിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഇടനിലക്കാരാക്കിയാണ് കടത്ത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു ഇടപാടെങ്കിലും, മലയാളികളും ഹെറോയിനിലേക്ക് തിരിഞ്ഞതാണ് ഗ്രാഫ് ഉയരാണ് കാരണം.
എറണാകുളത്ത് അടുത്തിടെ ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് എക്സൈസ് പിടികൂടിയത്. കടത്ത് കൂടിയതോടെ എച്ച്.ഐ.വി വ്യാപന ആശങ്കയും ഉയർന്നിരിക്കുകയാണ്. ഈ മാസം 18ന് ആലുവയിൽ 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തതാണ് ഒടുവിലെ കേസ്.
അസം സ്വദേശി ഹുസൈൻ അഹീറുൽ ഇസ്ലാമാണ് പിടിയിലായത്. 158ഗ്രാം ഹെറോയിൻ ഇയാളിൽ നിന്ന് കണ്ടെടുത്തു. അസമിൽ നിന്നും മറ്റും തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന ഹെറോയിൻ, ഗ്രാമിന് വൻ നിരക്കിലാണ് കേരളത്തിൽ വില്പന. രാജ്യത്ത് അസം, ഹരിയാന, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഹെറോയിൽ ഉപയോഗം കൂടുതൽ.
സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഒന്നിലധികം പേർ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതിനാൽ എച്ച്.ഐ.വി പകരാനുള്ള സാദ്ധ്യത ഏറെയാണ്. അഫ്ഗാൻ, പാകിസ്ഥാൻ അതിർത്തിയിലാണ് വ്യാപകമായി ഓപ്പിയം കൃഷിയുള്ളത്. ഓപ്പിയം ചെടിയുടെ കായകളിലെ കറയെടുത്ത് ഇവിടെത്തന്നെയുള്ള ലാബുകളിൽ ഹെറോയിനാക്കി മാറ്റും.
താലിബാന്റെ മൗനാനുവാദത്തോടെ ഇത് കാണ്ഡഹാറിലെത്തിച്ച് ഇറാനിലേക്കും തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും കടത്തുന്നു. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിലൂടെയാണ് ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തെ രാജ്യത്തെ പ്രധാന ഹെറോയിൻ വേട്ടകൾ
മുന്ദ്ര പോർട്ട് - 3000 കി.ഗ്രാം
നവിമുംബയ് പോർട്ട് - 300 കി.ഗ്രാം
ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് - 200 കി.ഗ്രാം
ലക്ഷദ്വീപ് തീരത്ത് നിന്ന് - 300 കി.ഗ്രാം
തൂത്തുക്കുടി - 100 കി. ഗ്രാം
കൊച്ചി എയർപോർട്ട്- 4.5 കി.ഗ്രോം
2024ലെ സംസ്ഥാനത്തെ ഹെറോയിൻ വേട്ട
ജില്ല - പിടിച്ചെടുത്തത് (ഗ്രാം)
തിരുവനന്തപുരം - 0.5
കൊല്ലം - 1.41
കോട്ടയം - 61.2
ഇടുക്കി - 0.1
എറണാകുളം - 441.26
പാലക്കാട് -437
മലപ്പുറം -11.5
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ 2024ൽ ഹെറോയിൻ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |