
ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള സി.പി.എം ശ്രമത്തിനു തെളിവാണ് മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
അതീവ ഗുരുതരവും ആപത്കരവുമാണ് ഇവരുടെ പ്രസ്താവനകൾ. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെയാണ് സജി ചെറിയാൻ കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ കണക്ക് പറഞ്ഞ് വർഗീയ പരാമർശം നടത്തിയത്. ഇത് സി.പി.എം അജണ്ടയാണ്. തിരുത്താൻ ശ്രമിച്ചപ്പോഴും സജി ചെറിയാൻ ആവർത്തിച്ചത് പഴയ നിലപാടാണ്.വർഗ രാഷ്ട്രീയം ഉപേക്ഷിച്ച് വർഗീയ രാഷ്ട്രീയത്തെ പുൽകുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്.
എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും യോജിക്കുന്നതിൽ തെറ്റില്ല. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് പാർട്ടി നയമാണ്. വർഗീയതയെ എതിർക്കുകയെന്ന നയത്തിൽ വിട്ടുവീഴ്ചയില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് കോൺഗ്രസിന്റേത്.
ഉമ്മൻചാണ്ടിയും താനും നേതൃത്വം നൽകിയ കാലത്തും സാമുദായിക സംഘടനകൾ ഞങ്ങളെ വിമർശിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളം എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവുമായി അകന്ന് നിന്നിട്ടുണ്ട്.ചെന്നിത്തലയെക്കാൾ യോഗ്യനായ മറ്റാരും കോൺഗ്രസിലില്ലെന്ന സുകുമാരൻ നായരുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചിരിയായിരുന്നു മറുപടി.
വാക്കുകളെ വളച്ചൊടിച്ചു:
മന്ത്രി സജി ചെറിയാൻ
കൊല്ലം: മലപ്പുറത്ത് താൻ കഴിഞ്ഞ ദിവസം പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ചില മാദ്ധ്യമങ്ങൾ വാർത്തയാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ആർ.എസ്.എസ് ഉയർത്തുന്ന വർഗ്ഗീയതയെ ന്യൂനപക്ഷ വർഗ്ഗീയത കൊണ്ട് എതിർക്കാനാകില്ല. കേരളത്തിലെ ഇടതുപക്ഷത്തെയും പ്രത്യേകിച്ച് സി.പി.എമ്മിനെയും ദുർബലപ്പെടുത്തുന്ന രാഷ്ട്രീയമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
കാസർകോട് മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരുടെ പേര് നോക്കണമെന്നാണ് പറഞ്ഞത്. അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ പേര് നോക്കാനല്ല. അവിടെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്കോൺഗ്രസിന് രണ്ട് സീറ്റ്. വർഗ്ഗീയത പറഞ്ഞ ബി.ജെ.പിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയിൽ 12 സീറ്റ് ലഭിച്ചു.
മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് ലീഗിന് 22 സീറ്റ് കിട്ടി.വിജയിച്ച ബി.ജെ.പിക്കാരുടെയും ലീഗുകാരുടെയും പേര് വായിക്കാനേ താൻ പറഞ്ഞുളളു. കാസർകോട് നഗരസഭയിലെ ഈ സ്ഥിതി വേറൊരിടത്തു വരാൻ പാടില്ല. മലപ്പുറം ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിന്റെ ഒരാൾ പോലും ജയിച്ചില്ല.കേരളത്തിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള രാഷ്ട്രീയ ദുരന്തം പറഞ്ഞപ്പോൾ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |