
കോട്ടയം : പുതുയുഗ യാത്രയുടെ ഭാഗമായി കോട്ടയത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ രാവിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ,മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും, പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തുമെത്തിയത് ചർച്ചയായി.
ദേവലോകത്തെ ഓർത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി സഭാദ്ധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻകാതോലിക്കാ ബാവയുമായി ചെന്നിത്തല ചർച്ച നടത്തി. ഇതിനു ശേഷമാണ് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടത്. സ്വന്തം വാഹനം ഒഴിവാക്കിയാണ് ചെന്നിത്തല ദേവലോകത്തെത്തിയത്. 'ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. കോട്ടയത്തെത്തുമ്പോൾ കാതോലിക്കാബാവയെ കാണാറുണ്ട്. ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളത്. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകൾ സംസാരിച്ചു. സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. എൻ.എസ്.എസ് ആസ്ഥാനത്തും എപ്പോഴും വരാറുണ്ട്. ഇന്നലെ മന്നം സമാധി ദിനാചരണമെന്ന പ്രത്യേകതയുമുണ്ടായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
തെറ്റില്ല :
സതീശൻ
രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്തെത്തിയതിൽ എന്താണ് തെറ്റെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. രമേശ് തന്റെ നേതാവാണ്. എവിടെ പോകണം പോകണ്ടെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിനവകാശമുണ്ട്. ഞങ്ങൾ വർഗീയതയെയാണ് എതിർക്കുന്നത്. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിൽ തെറ്റില്ല. അത് തിണ്ണ നിരങ്ങലായി കണക്കാക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |