
തിരുവല്ല: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇങ്ങനൊരു നീക്കം നടക്കില്ല. കെ- സ്മാർട്ട് ആപ്ലിക്കേഷനിലെ സമ്പൂർണ വിവരങ്ങൾ പി.ആർ.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യുട്ടി സീറാം സാംബശിവറാവു 2025 ഡിസംബർ 31ന് ചീഫ് മിഷൻ ഡയറക്ടർക്ക് അയച്ച കത്തും പുറത്തുവിട്ടു.
സെൻട്രലൈസ്‌ഡ് നോട്ടിഫിക്കേഷൻ ഹബ് ഫോർ ഗവൺമെന്റ് സർവീസസ് എന്ന പേരിൽ സർക്കാർ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം ആരംഭിക്കുന്നെന്നും ഇതിന് എല്ലാ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണെന്നും കത്തിൽ പറയുന്നു. കെ - സ്മാർട്ട് ആപ്ലിക്കേഷനിൽ നിന്ന് എക്സൽ ഫോർമാറ്റിൽ ഫോൺനമ്പർ, പേര്, പ്രായം, ജെൻഡർ, ജില്ല, താലൂക്ക്, വാർഡ് വിവരങ്ങൾ പി.ആർ.ഡിയുടെ സ്‌പെഷ്യൽ സെക്രട്ടറിക്ക് ഫെബ്രുവരി 12നു മുമ്പ് കൈമാറണമെന്നായിരുന്നു നിർദ്ദേശം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വകാര്യവിവരങ്ങൾ ശേഖരിച്ച് പ്രചാരണാവശ്യങ്ങൾക്ക് ഉപയോഗിച്ചത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണം. ജീവനക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി, ഉത്തരവിറക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി, ന്യായീകരിച്ച ചീഫ് സെക്രട്ടറി എന്നിവർ കുറ്റക്കാരാണ്. ഇവർക്കെതിരെ കോടതി കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
സന്ദേശങ്ങളെ ഡാറ്റാ ചോർച്ചയായി ദുർവ്യാഖ്യാനിക്കുന്നു: മുഖ്യമന്ത്രിയുടെ ഓഫീസ്
ജനങ്ങൾക്ക് വേണ്ടിയുള്ള അറിയിപ്പുകൾ സന്ദേശങ്ങളായി അയയ്ക്കുന്നതിനെ ഡാറ്റാ ചോർച്ചയായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സർക്കാർ തീരുമാനങ്ങൾ ആളുകളെ അറിയിക്കുന്നത് പ്രചാരണമല്ല, മറിച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെയും ഓരോരുത്തരുടെയും അറിയാനുള്ള അവകാശത്തിന്റെയും ഭാഗമാണ്.
ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. സദുദ്ദേശപരമായി സർക്കാർ ആരംഭിച്ച പദ്ധതിക്കെതിരെ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമായ പ്രചാരണം നടത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം.
സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് വരുന്നത്. ഓരോരുത്തരും അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഒരു കേന്ദ്രീകൃത അറിയിപ്പ് സംവിധാനത്തിലൂടെ നൽകുകയാണ്. ഐടി മിഷൻ മുഖേനതന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയച്ചിട്ടുള്ളത്.
സന്ദേശങ്ങൾ അയയ്ക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് മുൻപ്രതിപക്ഷ നേതാവ് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തമാണ്. അദ്ദേഹം പുറത്തുവിട്ട കത്തിൽ ഔദ്യോഗിക നടപടിക്രമങ്ങൾ വിശദീകരിക്കുന്നുമുണ്ട്. ഔദ്യോഗിക കത്ത് സംഘടിപ്പിച്ച്, അരുതാത്തത് നടന്നതിന് തെളിവ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് മറ്റെന്തോ ലക്ഷ്യം വച്ചാണ്.
വിവിധ വകുപ്പുകളിൽ നിന്ന് വിവരം ശേഖരിച്ച് ഒരു 'ഡാറ്റ ലേക്ക്, ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് കത്തിലുള്ളത്. ഇത് വിവരങ്ങളുടെ വിപുലമായ ശേഖരണമാണ്. വ്യക്തികൾക്ക് ആവശ്യമായ സന്ദേശങ്ങൾ അയയ്ക്കാനും പദ്ധതികളുടെ വിവരങ്ങൾ അറിയിക്കാനും ഏകീകൃത സംവിധാനം അത്യാവശ്യമാണ്.
വ്യക്തിഗതമായ എല്ലാ വിവരങ്ങളും ഭദ്രമാണ്. ഒന്നും തന്നെ സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുമായും പങ്കുവയ്ക്കുന്നില്ല. സൂക്ഷിക്കാൻ ഐ.ടി വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഡാറ്റ സെന്ററുണ്ട്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നു എന്ന ഭീതിയുടെ പരസ്യ പ്രഖ്യാപനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |