തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി കൊച്ചിയിൽ 14,15 തീയതികളിൽ നടത്തുന്ന കോൺക്ലേവിൽ ഗവർണർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സിസാതോമസിനും ക്ഷണമില്ല.
വിവിധ സെഷനുകളിൽ മറ്റ് വിസിമാരെയും മുൻ ഡിജിറ്റൽ വിസിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിസ തോമസിനെ എല്ലാ സെഷനുകളിൽ നിന്നും ഒഴിവാക്കി. സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. കോൺക്ലേവ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
വിദേശ സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന അപ്രധാന സെഷനുകളിൽ നിലവിലെ വി.സിമാർക്ക് അവസരം നൽകിയപ്പോൾ ,മുഖ്യ സെഷനുകളിൽ മുൻ വിസിമാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഡിജിറ്റൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ പരിചയപെടുത്തുന്നതിന്റെ ഭാഗമായുള്ള സ്റ്റാൾ കോൺക്ലേവിൽ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നടന്ന ദക്ഷിണേന്ത്യയിലെ വിസിമാരുടെ കൺവൻഷനിൽ മുഖ്യ മൂന്നു പ്രാസംഗികരിൽ ഒരാളായിരുന്നു ഡോ.സിസ തോമസ്. മുൻ ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക യൂണിവേഴ്സിറ്റി വി.സി സ്ഥാനം ഏറ്റെടുത്തതിനെത്തുടർന്ന് സിസ കേരള സർക്കാരിന്റെ കണ്ണിലെ കരടായി. വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞു. നിയമനക്കാര്യത്തിലടക്കം സുപ്രീംകോടതി വരെ പോരാട്ടം നടത്തിയെങ്കിലും സർക്കാരിന് തിരിച്ചടിയായിരുന്നു.
യൂണിവേഴ്സിറ്റി ഹിയറിംഗ്
തുടങ്ങാൻ ഗവർണർ
തിരുവനന്തപുരം: സർവകലാശാലാ തർക്കങ്ങളിലും കേസുകളിലും ചാൻസലറായ ഗവർണർ ഹിയറിംഗ് ആരംഭിക്കുന്നു. എം.ജി, വെറ്ററിനറി സർവകലാശാലകളിലെ രണ്ട് കേസുകളിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ശനിയാഴ്ച ഹിയറിംഗ് നടത്താൻ ഗവർണർ നിർദ്ദേശിച്ചു. എം.ജിയിൽ ഒരു ജീവനക്കാരനെ തരംതാഴ്ത്തിയതിനെതിരായ ഹർജിയിലാണ് ആദ്യ ഹിയറിംഗ്. വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് പിഴയായി പണമീടാക്കിയതിനെതിരായതാണ് രണ്ടാം ഹർജി. ഹിയറിംഗിൽ ഗവർണറുടെ നിയമോപദേശകനും രജിസ്ട്രാർമാരുമടക്കം പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |