തിരുവനന്തപുരം : കേരളകൗമുദി 114-ാം വാർഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളെ കുറിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവുകൾ കാലോചിതവും അനിവാര്യവുമാണെന്ന് മന്ത്രി വീണാ ജോർജ്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിച്ച ഹെൽത്ത് ആൻഡ് ടൂറിസം കോൺക്ലേവ് ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളകൗമുദിയുടെ കേൺക്ലേവുകൾ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. താൻ കണ്ടും വായിച്ചും വളർന്ന പത്രമായതിനാൽ കേരളകൗമുദിയുമായി ആത്മബന്ധമാണ്. ഹെൽത്ത് ടൂറിസത്തിന് കേരളത്തിൽ അനന്തസാദ്ധ്യതകളുണ്ട്.വിദേശത്തുള്ളവർ കേരളത്തിലെ ആയുർവേദ ചികിത്സ തേടിയെത്തുന്നു. പലരാജ്യങ്ങളിലുള്ളവർ കേരളത്തിലെത്തി മോഡേൺ മെഡിസിനെ ആശ്രയിക്കുന്നു ഈ ഘട്ടത്തിലാണ് സർക്കാർ ഹെൽത്ത് ഹബ്ബെന്ന ആശയം ആവിഷ്കരിച്ചത്. ഹെൽത്ത് ടൂറിസം കേരളത്തിന്റെ സാമൂഹ്യ,സാമ്പത്തിക രംഗങ്ങളെ ശാക്തീകരിക്കും. കേരളത്തിന്റെ പൊതുജനാരോഗ്യ സൂചികകൾ മികച്ചതാണ്. എന്നാൽ ക്യാൻസർ വിപത്തായി മാറുമ്പോഴും കേരളീയർ രോഗനിർണയത്തിന് തയ്യാറാകുന്നില്ല. ആരോഗ്യപ്രവർത്തകർപോലും ക്യാൻസർ നിർണയത്തിന് ഭയപ്പെടുന്നു. ഓരോവർഷവും 65000മുകളിൽ ക്യാൻസർ കണ്ടെത്തുന്നു.
മുൻകൂട്ടി കണ്ടെത്തിയാൽ ചികിത്സഫലപ്രദമാകും. ഈ ലക്ഷ്യത്തോടെയാണ് `ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' എന്ന പേരിൽ ജനകീയ ക്യാമ്പെയിൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഐ.സി.എം.ആർ അന്താരാഷ്ട്ര ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്ത് ക്യാൻസർ രോഗികളിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. അമേരിക്കയും ചൈനയുമാണ് മുന്നിൽ. മരണനിരക്കിൽ ഇന്ത്യ രണ്ടാമതും. അഞ്ചുപേരിൽ മൂന്നുപേർ രാജ്യത്ത് മരിക്കുന്നത് ആശങ്കപ്പെടുത്തുന്ന കണക്കാണ്. ഒന്നാമതുള്ള ചൈനയിൽ രണ്ടിൽ ഒരു മരണമാണ്. ക്യാൻസർ നിർണയ ക്യാമ്പിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മുൻ ജില്ലാ കളക്ടർ എസ്.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.കേരളത്തിലെ സ്വകാര്യ ആശുപത്രികൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സൗജന്യ ചികിത്സയും നടത്തുന്നുണ്ടെന്നും അത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വിവാദങ്ങളല്ല വികസനമാണ് കേരളകൗമുദിയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മാനേജർമാരായ ഷിറാസ് ജലാലും അയ്യപ്പദാസ്.എ.ജിയും കേരളകൗമുദിയുടെ ഉപഹാരം മന്ത്രിക്ക് നൽകി. ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി സ്വാഗതവും ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറഞ്ഞു.
ആരോഗ്യം,ടൂറിസം രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെ ആദരിച്ചു. എസ്.കെ ഹോസ്‌പിറ്റൽ ഫൗണ്ടർ ആൻഡ് മാനേജിംഗ് പാർട്ണർ കെ.എൻ.ശിവൻകുട്ടി, എസ്.പി ഗ്രൂപ്പ് ഹോസ്പിറ്റൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്വൈത് അശോകൻ ബാല,ജി.ജി ഹോസ്പിറ്റൽ എം.ഡി ഡോ.ഷീജ.ജി.മനോജ്,സമദ് ഹോസ്പിറ്റൽ ചീഫ് ഐ.വി.എഫ് സ്‌പെഷ്യലിസ്റ്റ് ഡോ.സതി.എം.പിള്ള, കിംസ് ലെയ്സൺ ഓഫീസർ ജോജോ,ടി.എസ്.സി ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.അബ്ദുൾ ലത്തീഫ്, എൻ.ആർ.വി മെഡിസിറ്റി എം.ഡി ഷിറിൽ സൂര്യനാരായണൻ,സരസ്വതി ഹോസ്പിറ്റൽ ലാപ്‌റോസ്‌കോപ്പിക് സർജൻ ഡോ.അജയകുമാർ, ലയൺ ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ്, വിവേക്സ് അഗസ്ത്യ നാഡീ വൈദ്യശാല ഉടമ ഡോ.വിവേക്, ഗുരുപ്രിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി ബി.സതികുമാർ,നാഥ് കമ്മ്യൂണിക്കേഷൻ എം.ഡി അനിൽനാഥ്, ഹോളിഡേ ഷോപ്പ് എം.ഡി ബെന്നിതോമസ് എന്നിവർ ആദരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |