പുനഃസംഘടന പാതിവഴിയിൽ
തിരുവനന്തപുരം:കോൺഗ്രസിൽ കറിവേപ്പില സംസ്‌കാരമാണെന്ന മട്ടിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ എം.പി നടത്തിയ കടന്നാക്രമണത്തോടെ, കുറച്ചുകാലമായി സംസ്ഥാന കോൺഗ്രസിൽ പുകയുന്ന അസ്വസ്ഥത പരസ്യമായ വിഴുപ്പലക്കായി. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കാനിരിക്കെയാണ് നേതൃത്വത്തിന് തലവേദനയായി പാർട്ടിയിൽ തർക്കം കനക്കുന്നത്.
പ്രവർത്തകരുടെ പൊതുവികാരമാണ് രാഘവൻ പറഞ്ഞതെന്ന് വ്യക്തമാക്കി കെ. മുരളീധരൻ ഇന്നലെ പിന്തുണയുമായി എത്തിയപ്പോൾ പരസ്യപ്രതികരണങ്ങളിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ അതൃപ്തി പ്രകടമാക്കി. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഘവൻ ഉന്നയിച്ചത് പാർട്ടിയിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും കെ.പി.സി.സി പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞൊഴിഞ്ഞു.
കോൺഗ്രസിലെ ശശി തരൂർ ചേരിയുടെ മുൻനിരക്കാരിൽ പ്രധാനിയാണ് എം.കെ. രാഘവനെന്നത് ശ്രദ്ധേയമാണ്. തരൂരിനോടുള്ള സമീപനം, പാർട്ടി പുനഃസംഘടന, കെ.പി.സി.സി അംഗങ്ങളുടെ കൂട്ടിച്ചേർക്കൽ തുടങ്ങി പല വിഷയങ്ങളിലും നേതാക്കൾക്കിടയിൽ കുറേക്കാലമായി ഭിന്നത പുകയുന്നുണ്ട്. അതിന്റെ ബഹിർസ്‌ഫുരണമാണ് രാഘവന്റെ പ്രതികരണം. കെ.പി.സി.സി നേതൃത്വത്തോട് മുമ്പേ വിയോജിപ്പിലുള്ള വി.എം. സുധീരന്റെ സാന്നിദ്ധ്യത്തിലായിരുന്നു രാഘവന്റെ കടന്നാക്രമണം.
കെ.പി.സി.സിയിൽ അറുപത് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ പട്ടിക റായ്‌പൂർ പ്ലീനറിക്ക് തൊട്ടുമുമ്പ് ഹൈക്കമാൻഡിന് സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. പരാതികളെ തുടർന്നാണ് അംഗീകാരം വൈകുന്നതെന്നാണ് സൂചന. തങ്ങളോട് ആലോചിച്ചില്ലെന്ന ആരോപണം എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ ഉയർത്തിയതോടെ തർക്കമായി. പ്ലീനറി സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പരസ്‌പരം കലഹിച്ചതും വാർത്തയായിരുന്നു. എ.ഐ.സി.സി സമ്മേളനം കഴിഞ്ഞിട്ടും പാർട്ടിയോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിൽ പലർക്കും അമർഷമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എം.കെ. രാഘവന്റെ പരസ്യപ്രതികരണമെന്ന് വ്യാഖ്യാനമുണ്ട്.
നയപരമായ പ്രധാന വിഷയങ്ങളിൽ നിലപാടെടുക്കാൻ രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിട്ട് നാളുകളായി. അതിനാൽ കാര്യമായ ആലോചനകൾ നടക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഡി.സി.സി തലം വരെയുള്ള പുനഃസംഘടന എങ്ങുമെത്തിയിട്ടില്ല. ശശി തരൂരിനെ കേരളത്തിൽ സജീവമായി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായം പലർക്കുമുണ്ടെങ്കിലും നേതൃത്വം അനുകൂലമല്ലെന്ന പരാതിയും ചിലർക്കുണ്ട്. നികുതി വർദ്ധന, ലൈഫ് മിഷൻ കോഴ തുടങ്ങി സർക്കാരിനെതിരെ പ്രയോഗിക്കാൻ നിരവധി വിഷയങ്ങളുണ്ടായിട്ടും പ്രതിപക്ഷ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് വിഷയം ഫലപ്രദമായി ഉപയോഗിക്കാൻ ആവുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |