SignIn
Kerala Kaumudi Online
Tuesday, 26 August 2025 5.09 PM IST

'രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ, വെട്ടുകിളി ഫാൻസിനെ പുച്ഛത്തോടെ തള്ളുന്നു'; രാഹുലിനെതിരെ താര ടോജോ അലക്സ്

Increase Font Size Decrease Font Size Print Page
rahul

ലൈംഗികാരോപണത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ രാവണനോട് ഉപമിച്ച് യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി താരാ ടോജോ അലക്സ്. എത്ര കഥകൾ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാമെന്നും താര ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിനെ പാർട്ടി സസ്‌പെൻഡ് ചെയ്‌തെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന വിമർശനങ്ങൾ തുടരുകയാണ്.

'കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറയുകയും അതിൽ വീണു പോയവരുടെ മേൽ കടന്നു കയറ്റങ്ങൾ നടത്തുകയും ചെയ്ത ഒരുത്തനെപ്പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതൽ അയാൾക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതിൽ ഇന്നും അടിയുറച്ചു നിൽക്കുകയും ചെയ്യുന്നതിൽ അഭിമാനം മാത്രം'- താര ഫേസ്ബുക്കിൽ കുറിച്ചു.


താരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എത്ര കഥകൾ പാടിപ്പുകഴ്ത്തിയാലും
എത്ര മാരീചവേഷങ്ങളെ
ഇറക്കി കാടിളക്കിയാലും
രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം.
അടിസ്ഥാനപരമായ സ്വഭാവദോഷം കൊണ്ടാണ് മറ്റു പല ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും രാവണൻ വീണു പോയതെന്നും രാവണന്റെ ഭാഗത്ത് ന്യായമില്ലായിരുന്നു എന്ന് എത്ര മറച്ചാലും വെളിച്ചത്തു വന്നിരിക്കും.

അടക്കി ഭരിച്ച ലങ്കയും നേടിയ ക്ഷണിക സിംഹാസനങ്ങളും നഷ്ടമായത് ഒരു സീതയോട് തോന്നിയ അതിരുവിട്ട അഭിനിവേശം കൊണ്ടല്ലല്ലോ. ഉപകഥകളിലൊക്കെ രാവണന്റെ ലമ്പടത്തം കൊണ്ട് കരഞ്ഞ സ്ത്രീകളുടെ തേങ്ങലുണ്ടായിരുന്നല്ലോ.? അതൊക്കെ തന്റെ രാജസ ഗുണമെന്ന് അഹങ്കരിച്ച് ആരേയും ഗൗനിക്കാതിരുന്ന രാവണന് പിഴച്ചത് എവിടെയാണന്ന് അരിയും ഗോതമ്പും കഴിക്കുന്ന മനുഷ്യരായി പിറന്നവർക്ക് മനസ്സിലാകും.

നായകനായി സ്വയമവരോധിച്ച് നിഴലായി മറ്റ് വില്ലൻമാരെ വച്ച് പുതിയ ഇക്കിളി ഉണർത്തുന്ന അനേകായിരം കുഞ്ഞിരാമായണകഥകൾ എഴുതിയാലും പാടി നടന്നാലും,
മൂലകഥ വെളിപ്പെട്ടു വന്ന് നാട്ടുകാർ അറിഞ്ഞതിലും ജാഗരൂകരായതിലും സന്തോഷം മാത്രം. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറയുകയും അതിൽ വീണു പോയവരുടെ മേൽ കടന്നു കയറ്റങ്ങൾ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതൽ അയാൾക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതിൽ ഇന്നും അടിയുറച്ചു നിൽക്കുകയും ചെയ്യുന്നതിൽ അഭിമാനം മാത്രം.

എന്നെ പോലൊരു സാധാരണക്കാരി കയ്യൊന്നു ഞൊടിച്ചാലുടൻ, ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലുമില്ലാത്ത നിരവധി സ്ത്രീകൾ മീഡിയയിൽ പോയി നിരന്നുനിന്ന് അവരുടെ ആവലാതികൾ തുറന്നുപറഞ്ഞ് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ മാത്രം ശക്തമാണ് എന്റെ സ്വാധീനം എന്നും, അതൊന്നു നിർത്തിക്കാൻ കേരളത്തിലെ മുഴുവൻ നേതാക്കളും വിചാരിച്ചിട്ടും നടന്നില്ല എന്നും പാടി നടന്നാൽ അതിൽ അഭിമാനം മാത്രം.

അത്തരം കടന്നുകയറ്റങ്ങൾ അവനവന്റെ അമ്മ പെങ്ങൻമാരിലോ ഭാര്യയിലോ പെൺമക്കളിലോ എത്തിച്ചേർന്നാലും അതിനും വരാന്തയിൽ നിന്ന് ചൂട്ടുപിടിച്ച് വീശികൊടുക്കാനും, സിന്ദാബാദ് വിളിക്കാനും നിൽക്കുന്ന, മജ്ജയും മാംസവും ജീവനുണ്ടെന്ന് പറയപ്പെടുന്ന പുരുഷ മാംസപിണ്ഡങ്ങളെ ഓർത്ത് സഹതാപം മാത്രം. ഉറപ്പുള്ള നട്ടെല്ലും, ആത്മാഭിമാനബോധവുമുള്ള സ്ത്രീകൾ അവർ നേരിട്ട കടന്നുകയറ്റങ്ങളെ കുറിച്ച് പറയാൻ ധൈര്യമായി മുന്നോട്ടു വരുമ്പോൾ സ്വന്തം ലിംഗത്തിൽ പെട്ട അവർക്കുവേണ്ടി ഒരു വാക്കെങ്കിലും നെഞ്ച് നിവർത്തി നിന്നു പറയാതെ.. അവരെ മനുഷ്യരെന്നും പോലും പരിഗണിക്കാതെ അവർക്കെതിരെ നിന്ന്, അവർക്കുവേണ്ടി സംസാരിച്ചവരെ വ്യക്തിഹത്യ ചെയ്യാൻ കൂട്ടുനിൽക്കുന്ന , കുറ്റാരോപിന്റെ വിസർജ്യം പോലും അമൃതായി കരുതുന്ന സ്ത്രീപക്ഷ നാരി വിപ്ലവ ഗണങ്ങളെ ഓർത്ത് പുച്ഛം മാത്രം.
എല്ലാ വ്യക്തികൾക്കും മേലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനമെന്നും, ഇത്തരം പുഴുക്കുത്തുകളെ ആയിരം കിലോമീറ്റർ അകലെ അകറ്റി നിർത്തപ്പെടേണ്ടതാണ് എന്നതാണ് അന്നും ഇന്നും എന്നേക്കും എന്റെ നിലപാട്. അതിൽ അഭിമാനം മാത്രം.

പുറത്താക്കപ്പെട്ടവന്റെ വെട്ടുകിളികളുടെയും ഫാൻസ് അസോസിയേഷൻകാരുടെയും മൂന്നാംകിട ആക്രമണങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ (ആത്മഗതം: പോയി തരത്തിൽ കളിക്കെടാ) തള്ളികളയുന്നു. ഇവിടെയുള്ള ഞാനും നിങ്ങളും ഇന്ന് നയിക്കുന്നവരും എല്ലാം ചത്തു മലച്ചാലും പ്രസ്ഥാനം ഇവിടെ ഉണ്ടാകണം. ഉണ്ടായിട്ടുണ്ട്. ഉണ്ടാകും.
അപ്പൊ ശരി.
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
ജയ് ഹിന്ദ്.

TAGS: KERALA, LATEST NEWS, CONGRESS, RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.