പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് എത്തിക്കാന്‍ രഹസ്യ യോഗം ചേര്‍ന്നുവെന്ന പ്രചാരണം നിഷേധിച്ച് ഷാഫി പറമ്പില്‍ എം.പി. ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലം കേന്ദ്രീകരിച്ച് സജീവമാക്കാനുള്ള നീക്കം എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അങ്ങനെ ഒരു സംഭവമേയില്ലെന്നാണ് എംപിയുടെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നുവെന്നാണ് പറയുന്നത്. പക്ഷേ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്ത ഒരു നേതാവിന്റെ വീട്ടില്‍ എങ്ങനെയാണ് യോഗം ചേരുന്നത് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. എംഎല്‍എയെ മണ്ഡലത്തില്‍ എത്തിക്കാന്‍ ആരും ശ്രമി്ക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. രാഹുല്‍ മണ്ഡലത്തില്‍ വരണോ വേണ്ടയോ എന്നത് അയാള്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ എത്തിയാല്‍ രാഹുലിന് നേരെ ബിജെപി, സിപിഎം പാര്‍ട്ടികളുടെ കനത്ത പ്രക്ഷോഭമുണ്ടാകാനാണ് സാദ്ധ്യത. വിവാദമുണ്ടായ സാഹചര്യത്തില്‍ മണ്ഡലത്തിലെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എംഎല്‍എയോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് നഗരസഭയുടെ പരിപാടിയില്‍ നിന്നും എംഎല്‍എയെ മാറ്റിനിര്‍ത്തിയിരുന്നു. രാഹുലിന് സംരക്ഷണം ഒരുക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിലില്ല എന്നാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചത്.
യുവതിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് രാഹുലിന് നേരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ രാജിവയ്പ്പിക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിയിച്ച് തിരികെയെത്താമെന്ന നിര്‍ദേശം നല്‍കി ആറ് മാസത്തേക്ക് കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രാഥമിക അംഗ്ത്വത്തില്‍ നിന്ന് ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഉള്‍പ്പെടെ എംഎല്‍എയായ രാഹുലിനെ പുറത്താക്കിയിരുന്നു. ഇതോടെ സഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കില്‍ ഇരിക്കേണ്ട സ്ഥിതിയിലേക്ക് യുവ നേതാവ് എത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഉള്‍പ്പെടെ കാണിച്ച് ഒരു കത്തും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |