കൊച്ചി: സി.എം.ആർ.എൽ - എക്സാ ലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ ഫയൽചെയ്ത അന്വേഷണ റിപ്പോർട്ടിൽ കേസെടുക്കാൻ ഉത്തരവിട്ട പ്രത്യേക കോടതി തുടർ നടപടികൾ നിറുത്തിവയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടു മാസത്തേക്ക് തത‌്സ്ഥിതി തുടരണം. എതിർകക്ഷികൾക്ക് സമൻസ് അയയ്ക്കുന്നതടക്കം കൊച്ചിയിലെ പ്രത്യേകകോടതി നിറുത്തിവയ്ക്കണം.
കേസിൽ തങ്ങളെ കേൾക്കാതെയാണ് കേസെടുക്കാൻ നിർദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.എം.ആർ.എൽ ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്. കേസെടുക്കാൻ ഉത്തരവിടുംമുമ്പ് എതിർകക്ഷികളെ കേൾക്കേണ്ടതുണ്ടോ എന്ന നിയമപ്രശ്‌നത്തിൽ ഹൈക്കോടതി വിശദ വാദംകേൾക്കും.
പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരം, കേസെടുക്കാൻ ഉത്തരവിടും മുമ്പ് എതിർകക്ഷികളെയും കേൾക്കേണ്ടതുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ, എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയത് പുതിയ നിയമം നിലവിൽ വരുംമുമ്പായതിനാൽ ഇത് ബാധകമല്ലെന്ന് കേന്ദ്രസർക്കാരിനായി അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ വാദിച്ചു. പഴയ നിയമമായ സി.ആർ.പി.സിയിൽ, കേസെടുക്കും മുമ്പ് എതിർകക്ഷികളെ കേൾക്കണമെന്ന് പറയുന്നില്ല.
കേന്ദ്രസർക്കാരിനോട് എതിർസത്യവാങ്മൂലം ഫയൽചെയ്യാൻ നിർദ്ദേശിച്ച ഹൈക്കോടതി ഹർജി മേയ് 23ന് പരിഗണിക്കാൻ മാറ്റി.
മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്
എക്‌സാലോജിക് സൊല്യൂഷൻസിന് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ പ്രതിഫലം നൽകിയെന്ന കണ്ടെത്തലിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമടക്കം ഹൈക്കോടതി നോട്ടീസയച്ചു. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ പേരുവിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാനും ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് പി.എം. മനോജും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് നോട്ടീസിന് കോടതി നിർദ്ദേശിച്ചത്. എക്‌സാലോജിക്കും വീണയും മുഖേന മുഖ്യമന്ത്രിക്കാണ് സി.എം.ആർ.എൽ പണം നൽകിയതെന്നാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നതെന്നും ഇതിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജി മേയ് 27ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |