കൊച്ചി: കടയിൽ നിന്ന് അശ്ലീല വീഡിയോ കാസെറ്റുകൾ പിടിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളെ 28 വർഷത്തിനുശേഷം കുറ്റവിമുക്തനാക്കി ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. തെളിവിനായി ഹാജരാക്കിയ കാസെറ്റുകൾ മജിസ്‌ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ല എന്നതിനാൽ ഇന്ത്യൻ തെളിവുനിയമം അനുസരിച്ച് കേസ് നിലനിൽക്കില്ല എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പുറപ്പെടുവിച്ചത്.
1997ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൂരോപ്പട പഞ്ചായത്തിൽ ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള കാസെറ്റ് കടയിൽ നിന്ന് പൊലീസ് പത്ത് അശ്ലീല കാസെറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു നടപടി. ഇന്ത്യയിൽ അശ്ളീല ദൃശ്യങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. തുടർന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി കോട്ടയം സ്വദേശിയെ രണ്ടുവർഷം തടവിനും 2000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇതിനെതിരെ ഹർജിക്കാരൻ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ശിക്ഷാവിധി ഒരു വർഷമായും 1000 രൂപയായും കുറച്ചു. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഏഴാം സാക്ഷി ഉൾപ്പെടെ ഏഴ് സാക്ഷികളാണ് കേസിലുള്ളത്. ഒന്നും രണ്ടും സാക്ഷികൾക്കൊപ്പം ഏഴാം സാക്ഷി കാസെറ്റുകൾ കടയിൽ വച്ചുതന്നെ കണ്ട് ഇവയിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായി പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണത്തിനിടയിൽ തഹസിൽദാർ വീഡിയോ കാസെറ്റുകൾ കാണുകയും അവയിൽ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അന്നത്തെ പാമ്പാടി എസ്‌ഐയും തഹസിൽദാർക്കൊപ്പം കാസെറ്റ് കണ്ട് ഇവയിൽ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തി.
എന്നാൽ പിടിച്ചെടുത്ത വീഡിയോ കാസെറ്റിൽ അശ്ലീല ദൃശ്യങ്ങളുണ്ടോയെന്ന് വാദം കേട്ട മജിസ്‌ട്രേറ്റ് സ്വമേധയാ കണ്ട് ബോദ്ധ്യപ്പെട്ടില്ല എന്ന് ഹർജിക്കാരൻ വാദിച്ചു. ഇതാണ് ഹൈക്കോടതി അംഗീകരിച്ചത്. സാക്ഷിമൊഴികൾ ഉണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവ് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുകയെന്നത് മജിസ്ട്രേറ്റ് ചെയ്യേണ്ട കാര്യമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽത്തന്നെ കടയിൽ നിന്ന് പിടിച്ചെടുത്ത കാസെറ്റുകളിൽ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന പേരിൽ ഹർജിക്കാരനെ ശിക്ഷിച്ചതും കേസും റദ്ദാക്കുന്നുവെന്ന് കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |