തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എം.എൻ സ്മാരകം പത്ത് കോടി മുടക്കി നവീകരിക്കാൻ തീരുമാനം. നിലവിലെ രണ്ട് നില കെട്ടിടം മൂന്ന് നിലയാക്കും. നേതാക്കൾക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ നിർമ്മിക്കും.
മുൻഭാഗത്തിന് മാറ്റം വരുത്തില്ല. പിറകിലെ ഭാഗമാണ് പൊളിച്ച് നിർമ്മിക്കുന്നത്.
നിർമാണം ആരംഭിക്കുമ്പോൾ സംസ്ഥാന ഓഫീസ് താൽക്കാലികമായി പട്ടത്തെ എ.ഐ.ടി.യു.സി ആസ്ഥാനമന്ദിരത്തിലേക്ക് മാറ്റും.
മേയ് ഒന്ന് മുതൽ പത്തുവരെ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കും.
പാർട്ടി സംസ്ഥാന കൗൺസിൽ യോഗമാണ് അനുമതി നൽകിയത്.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ച രൂപരേഖ, കൗൺസിൽ അംഗീകരിക്കുന്നതിന് മുമ്പ് അംഗങ്ങൾക്കിടയിൽ വിശദമായി ചർച്ച ചെയ്യണമെന്ന് വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവ് ചർച്ച ചെയ്ത് തീരുമാനിച്ചതാണിതെന്ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് നിർമ്മിച്ച മന്ദിരമാണിത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ 1957ൽ അധികാരമേൽക്കുമ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സ്മാരകമാക്കി. 64ലെ പാർട്ടി പിളർപ്പോടെയാണ് സി.പി.ഐയുടെ കൈവശമായത്.
#ക്ഷണിതാക്കൾ
പോഷകസംഘടനാ ഭാരവാഹികളെ സി.പി.ഐ സംസ്ഥാന കൗൺസിലിൽ ക്ഷണിതാക്കളാക്കാൻ തീരുമാനം. ചില ട്രേഡ് യൂണിയൻ ഭാരവാഹികളെ ഉൾപ്പെടുത്തുന്നതിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വിയോജിച്ചു. കെ.എസ്.ആർ.ടി.സി യൂണിയനെ പ്രതിനിധീകരിച്ച് എം.ജി. രാഹുലിനെയും കെ.എസ്.ഇ.ബി യൂണിയനെ പ്രതിനിധീകരിച്ച് എം.പി. ഗോപകുമാറിനെയും ക്ഷണിതാക്കളാക്കിയപ്പോഴാണ് ഫണ്ട് പിരിവിലടക്കം ചുമതലാവീഴ്ചയുണ്ടായെന്ന് മാങ്കോട് ചൂണ്ടിക്കാട്ടിയത്. കെ.പി. ജയചന്ദ്രൻ (അഭിഭാഷകസംഘടന), ജനതാദൾ-എസിൽ നിന്ന് വിട്ടുവന്ന അഡ്വ. ജോർജ് തോമസ്, ജയചന്ദ്രൻ കല്ലിങ്കൽ (ജോയിന്റ് കൗൺസിൽ), എം.ജി. രാഹുൽ, എം.പി. ഗോപകുമാർ, ഡോ.സി. ഉദയകല (കോളേജദ്ധ്യാപക സംഘടന), ഡോ. സജികുമാർ (കെ.ജി.ഒ.എ) എന്നിവരെയാണ് ക്ഷണിതാക്കളാക്കിയത്.
#വിദേശസർവകലാശാല
വ്യക്തത വേണം
വിദേശസർവകലാശാലകളെ ദേശീയതലത്തിൽ ഇടതുപക്ഷം എതിർക്കുമ്പോൾ കേരളത്തിൽ ഇടതുസർക്കാരിൽ നിന്ന് മറിച്ചൊരു തീരുമാനമുണ്ടാകുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ സി.പി.ഐ പങ്കെടുത്തത് ഉചിതമായെന്നും സി.പി.എമ്മും പങ്കെടുക്കണമായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ചിലേടങ്ങളിലെങ്കിലും സി.പി.എമ്മും സി.പി.ഐയും വേറിട്ട് മത്സരിക്കുന്ന സ്ഥിതി ഒഴിവാക്കേണ്ടതാണെന്നും അഭിപ്രായമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |