തിരുവനന്തപുരം: ബി.ജെ.പിയുടെ വർഗീയ അജൻഡയ്ക്കും, കേരളത്തോടുള്ള
അവഗണനയ്ക്കുമെതിരെ ശക്തമായി പോരാടുന്ന എം.പിയാണ് ജോൺ
ബ്രിട്ടാസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകത്തിൽ കേരളത്തിനെതിരെ നടത്തിയ പരാമർശം ലേഖനത്തിൽ ഉദ്ധരിച്ചതിന്റെ പേരിലാണ് രാജ്യസഭാ അദ്ധ്യക്ഷൻ വിളിച്ചു വരുത്തി വിശദീകരണം തേടിയത്. 'കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാൻ കൂടുതൽ പറയുന്നില്ല' തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ഇക്കാര്യം ലേഖനത്തിൽ എടുത്തുപറഞ്ഞതിന്റെ പേരിലാണ്
വിശദീകരണം ആവശ്യപ്പെട്ടത്. അമിത് ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുകയാണ്. മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോട് ഉപമിച്ചു.
കേന്ദ്ര സർക്കാരിന്റെ ആഗോളവത്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിനാകെ മാതൃകയാണ് കേരളം.
ബി.ജെ.പി നേതാക്കളുടെ കൊടിയ പകയ്ക്ക് കേരളം ഇരയാകുന്നതിന് കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരള വിരുദ്ധ സിനിമകൾ പടച്ചു വിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം നീക്കം നടക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |