കൊല്ലം: സംസ്ഥാന സമ്മേളന പ്രചാരണത്തിന് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റോഡുകളിലും നടപ്പാതകളിലും കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിച്ചതിന് കോർപ്പറേഷൻ പിഴ ചുമത്തിയ സംഭവത്തിൽ നിയമോപദേശം തേടാൻ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആലോചന. പിഴ അടച്ചാൽ കീഴ്‌വഴക്കമായി മാറുമെന്ന ആശങ്കയുള്ളതിനാലാണ് നിയമോപദേശം തേടുന്നത്.
സംഘാടക സമിതി ജനറൽ കൺവീനർ കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കോർപ്പറേഷൻ സെക്രട്ടറി 3.5 ലക്ഷം രൂപ പിഴ ചുമത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബോർഡുകളും കൊടികളും എത്രയും വേഗം നീക്കണമെന്നും നോട്ടീസിൽ നിർദ്ദേശമുണ്ട്. കോർപ്പറേഷൻ അധികൃതർ ആവശ്യപ്പെട്ടാൽ ബോർഡുകൾ നീക്കുന്നതിന് സംരക്ഷണം നൽകുമെന്നും ഇതുവരെ അതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു.
സമ്മേളന ബോർഡുകൾ വഴിയോരങ്ങളിൽ സ്ഥാപിക്കുന്നതിന് സി.പി.എമ്മിന്റെ പ്രസന്ന ഏണസ്റ്റ് മേയറായിരിക്കെ സ്വാഗതസംഘം ഭാരവാഹികൾ അപേക്ഷ നൽകിയിരുന്നു. സ്റ്റിയറിംഗ് കമ്മിറ്റി അപേക്ഷ ചർച്ച ചെയ്തെങ്കിലും അനുമതി നൽകിയിരുന്നില്ല. ഏതാനും ദിവസം മുമ്പ് കൊല്ലം സന്ദർശിച്ച ഹൈക്കോടതി ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടിയെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |