ഷൊർണൂർ: താൻ നിന്ന റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്തതിനാൽ കടന്നുപോയ രാജധാനി എക്സ് പ്രസിൽ കയറിപ്പറ്റാൻ അന്യ സംസ്ഥാന യുവാവിന്റെ വ്യാജ ബോംബ് ഭീഷണി. ഇതേത്തുടർന്ന് ട്രെയിൻ മൂന്നു മണിക്കൂർ ഷൊർണൂർ ജംഗ്ഷനിൽ നിറുത്തി പരിശോധിച്ചു. യാത്രക്കാർ പരിഭ്രാന്തരായി. വ്യാജ സന്ദേശമാണെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരു ട്രെയിനിൽ ഷൊർണൂരിൽ എത്തിയ യുവാവ് അറസ്റ്റിലായി. രാജസ്ഥാൻ സ്വദേശി ജയസിംഗ് രത്തോറാണ് (30) റെയിൽവേ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ പത്തേമുക്കാലിനായിരുന്നു സംഭവം. നാട്ടിൽ പോകാൻ രാജധാനി എക്സ് പ്രസിൽ കയറാൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അവിടെ ഇതിന് സ്റ്റോപ്പില്ലെന്ന് അറിഞ്ഞത്. ഇതിനിടെ ട്രെയിൻ കടന്നുപോകുകയും ചെയ്തു. തുടർന്ന് പിന്നാലെ എത്തിയ ടീ ഗാർഡൻ എക്സ് പ്രസിൽ കയറിയശേഷം, രാജധാനി ട്രെയിനിൽ ബോംബ് വച്ചെന്ന് രണ്ടു പേർ സംസാരിക്കുന്നത് കേട്ടതായി റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. പരിശോധനയ്ക്കായി രാജധാനി നിറുത്തുമ്പോൾ അതിൽ കയറിപ്പറ്റുകയായിരുന്നു ലക്ഷ്യം.
ഇതിനിടെ ഷൊർണൂരിലെത്തിയ രാജധാനിയിൽ ബോംബ്, ഡോഗ് സ്‌ക്വാഡുകൾ അടക്കം പരിശോധന നടത്തി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. കൺട്രോൾ റൂമിൽ വിളിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷൊർണൂരിലെത്തിയ ടീ ഗാർഡൻ എക്സ് പ്രസിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12ന് ഷൊർണൂരിലെത്തിയ രാജധാനി പരിശോധന കഴിഞ്ഞ് വൈകിട്ട് മൂന്നിനാണ് പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |